അതിരപ്പിള്ളി വനമേഖലയിലെ ഉരുൾ പൊട്ടൽ സാദ്ധ്യതാ പ്രദേശങ്ങളിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കെ എസ് ഇ ബി നീക്കം. ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയായ ആനക്കയത്ത് കടുവ സങ്കേതത്തിനുള്ളില്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ടണല്‍ നിര്‍മ്മിക്കാൻ കെ എസ് ഇ ബി പദ്ധതി തയ്യാറാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി അതിരപ്പിള്ളി വനമേഖലയിലെ 625 വന്‍ മരങ്ങള്‍ മുറിച്ച് മാറ്റാന്‍ കെഎസ്ഇബി കരാര്‍ നല്‍കി.
ആനക്കയം ചെറുകിട ജലവൈദ്യുതി പദ്ധതിക്കായാണ് പരിസ്ഥിതി ദുര്‍ബല പ്രദേശമായ വനമേഖലയില്‍ വന്‍മരങ്ങള്‍ മുറിച്ച് നീക്കുന്നതും ടണല്‍ നിര്‍മ്മിക്കുന്നതും. മരങ്ങള്‍ മുറിച്ച് മാറ്റുന്നതിനായി കെഎസ്ഇബി 45.94 ലക്ഷം രൂപയ്ക്കാണ് തിരുവനന്തപുരം ആസ്ഥാനമായ ചിത്ര എന്റര്‍പ്രൈസസിന് കരാര്‍ നല്‍കിയത്. കടുവാ സങ്കേതത്തിന്റെ ബഫര്‍ സോണില്‍ ഉള്‍പ്പെടുന്ന അഞ്ചു കിലോമീറ്ററില്‍ ഭൂഗര്‍ഭ ടണല്‍ നിര്‍മ്മിക്കാനാണ് കെ എസ് ഇ ബിയുടെ പദ്ധതി.
സംരക്ഷിത വനമേഖലയോട് ചേര്‍ന്ന പരിസ്ഥിതിലോല പ്രദേശത്ത് വനം വെട്ടിത്തെളിക്കുന്നതും പാറ പൊട്ടിക്കുന്നതും വലിയ ദുരന്തങ്ങൾക്കും പരിസ്ഥിതിയുടെ നാശത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. രാജ്യത്തെ അമ്പത് കടുവാ സങ്കേതങ്ങളില്‍ ആദ്യ പത്തില്‍ വരുന്നതാണ് പറമ്പിക്കുളം. 27 കടുവകള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. 643.66 ചതുരശ്ര കിലോമീറ്റര്‍ വരുന്ന പറമ്പിക്കുളം കടുവാ സങ്കേതത്തിനോട് ചേര്‍ന്ന 252.77 ചതുരശ്ര കിലോമീറ്റര്‍ ബഫര്‍ സോണിനുള്ളിലാണ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. 2018ല്‍ വലിയ തോതില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശമാണ് ആനക്കയം. ഉരുൾ പൊട്ടലിൽ ആനക്കയം ആദിവാസി കോളനിയിൽ വൻ തോതിൽ നാശനഷ്ടമുണ്ടായിരുന്നു. ദുരന്തത്തിന് ഇരയായവരെ ഇന്നും സർക്കാർ പുനരധിവസിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത.
2018ലെ പ്രളയത്തിൽ നിരവധി ഉരുൾ പൊട്ടലുകൾ ഉണ്ടായ മേഖലയിലാണ് കെ എസ് ഇ ബി ഇപ്പോൾ സകല പ്രതിരോധങ്ങളെയും മറികടന്ന് ഈ സാഹസത്തിന് മുതിരുന്നത്. 2019ലും ഈ വര്‍ഷവും ചെറുതും വലുതുമായ നിരവധി മണ്ണിടിച്ചിലുകൾ മേഖലയിൽ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിഗണിക്കപ്പെട്ട മാനദണ്ഡങ്ങൾ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനുള്ള കെ എസ് ഇ ബിയുടെ നീക്കം പുനരാലോചനക്ക് വിധേയമാക്കേണ്ടതാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post