ഇസ്ലാമാബാദ് : ഇന്ത്യയുടെ പിടിയിലായ ലഷ്കറെ തയിബ ഭീകരന് സജ്ജാദ് അഹമ്മദിന്റെ സഹോദരനാണെന്ന് അവകാശപ്പെട്ട് പാക്ക് സ്വദേശി രംഗത്ത്. സജ്ജാദ് അഹമ്മദിന്റെ സഹോദരനാണ് ഞാന്‍. സജ്ജാദ് കശ്മീരില്‍ പിടിയിലായതിന്റെ വാര്‍ത്ത പത്രത്തില്‍ വായിച്ചാണ് അറിഞ്ഞതെന്നും അസാദ് അഹമ്മദ് പറഞ്ഞു.
സജ്ജാദിന്റെ അറസ്റ്റിനെപ്പറ്റി പത്രത്തില്‍നിന്ന് അറിഞ്ഞ മാതാപിതാക്കള്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ഞങ്ങളുമായി അവന് ബന്ധപ്പെട്ടിരുന്നില്ല. എന്നാല്‍ അവന്റെ അറസ്റ്റിന്റെ വാര്‍ത്ത കേട്ട് ഞങ്ങള്‍ തകര്‍ന്നുപോയി എന്നും അസാദ് പറഞ്ഞു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മുസാഫര്‍ഗഡ് സ്വദേശിയാണെന്ന് താനെന്നാണ് സജ്ജാദ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കുന്നത്.
ലഷ്കറില് നിന്നു സജ്ജാദ് പരിശീലനം നേടിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അതേപ്പറ്റി ഒന്നും തന്നെ അറിയില്ലെന്ന് അസാദ് പറഞ്ഞു. ഞങ്ങള്‍ വളരെ പാവപ്പെട്ട ഒരു കുടുംബത്തില്‍ നിന്നു വരുന്നവരാണ്. ഇസ്ലാം മതത്തില്‍ അടിയുറച്ചു വിശ്വസിക്കുന്നവരുമാണ്. ഇവിടെ മുസാഫര്‍ഗഡില്‍ ജമാത്ത് അത്തുവ വളരെ ശക്തമാണ്. സജ്ജാദിനെ ജമാത്തുകാര്‍ തട്ടിക്കൊണ്ടുപോയെന്നാണ് കരുതിയിരുന്നത്. അവര്‍ അവനെ കൊലപ്പെടുത്തിയെന്നും ഭയന്നിരുന്നു. എന്നാല്‍ പത്രത്തില്‍ വാര്‍ത്ത കണ്ടപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് മനസിലായതെന്നും അസാദ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പാക്ക് ഭീകരന് സജ്ജാദ് അഹമ്മദിനെ ഇന്ത്യന്‍ സൈന്യം ജീവനോടെ പിടികൂടിയത്. ഗുഹയിലേക്കു കണ്ണീര്‍വാതകം പ്രയോഗിച്ചശേഷം നടത്തിയ തിരച്ചിലിലാണു സജ്ജാദിനെ കണ്ടെത്തിയത്. 20 മണിക്കൂര്‍ നീണ്ട സൈനിക നടപടിക്കൊടുവില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നാലു ഭീകരരും കൊല്ലപ്പെട്ടിരുന്നു.
Discussion about this post