അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ അമേരിക്കൻ മോഡൽ. ദ ഗാർഡിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മുൻ മോഡലായ ആമി ഡോറിസ് ട്രംപിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
20 വർഷം മുമ്പ് യു.എസ് ഓപ്പൺ മത്സരങ്ങൾ ക്കിടയിൽ, തന്റെ വിഐപി ബോക്സിൽ വച്ച് ട്രംപ് തന്നെ കടന്നുപിടിക്കുകയും ബലമായി ചുംബിക്കുകയും ചെയ്തിട്ടുണ്ടെന്നും തന്റെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചിട്ടുണ്ടെന്നും ആമി അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു.
1997 സെപ്റ്റംബർ 5 നായിരുന്നു സംഭവം നടന്നത്.റിയൽ എസ്റ്റേറ്റ് വ്യാപാരരംഗത്ത് ഡൊണാൾഡ് ട്രംപ് തിളങ്ങിനിന്ന കാലഘട്ടമായിരുന്നു അത്. പെട്ടെന്നുണ്ടായ ആക്രമണത്തിൽ തനിക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നുവെന്നും ആമി പറഞ്ഞു. എന്നാൽ, ഡൊണാൾഡ് ട്രംപി അഭിഭാഷകർ ഇക്കാര്യം പാടെ നിഷേധിച്ചു. യു.എസ് ഓപ്പൺ മത്സരവേദി പോലൊരു പൊതുസ്ഥലത്ത് നിരവധി ആൾക്കാരുടെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് ഇത് സാധ്യമാവുകയെന്ന് ചോദിക്കുന്ന അഭിഭാഷകർ, സംഭവം നടന്നുവെന്ന് പറയപ്പെടുന്ന ദിവസത്തിനു ശേഷവും തന്റെ ബോയ്ഫ്രണ്ടിനോടൊപ്പം ആമി ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചിട്ടുണ്ടെന്നും അഭിഭാഷകർ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തെക്കുറിച്ച് പ്രസിഡണ്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല.











