ഗാസിയബാദ് : 100 കോടിയോളം രൂപ തിരിമറി നടത്തിയതിന് ഗാസിയാബാദിലുള്ള മഹാമേദ കോപ്പറേറ്റീവ് ബാങ്കിന്റെ 24 ഡയറക്ടർമാർക്കെതിരെ കേസെടുത്തു. അർഹതയില്ലാത്തവർക്ക് ബാങ്ക് ഉദ്യോഗസ്ഥർ ലോൺ നൽകിയെന്നും അതിലൂടെ 99.85 കോടി രൂപയുടെ തിരിമറി നടത്തിയെന്നുമാണ് കേസ്. കോപ്പറേറ്റീവ് വിഭാഗത്തിന്റെ അസിസ്റ്റന്റ് കമ്മീഷണറും രജിസ്ട്രാറുമായ ദേവേന്ദ്ര സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിൽ നടത്തിയ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
വലിയ തുക ബാങ്കിൽ നിന്നും ലോൺ വാങ്ങി തിരിച്ചടക്കാത്ത 7 പേരുടെ വസ്തുവഹകൾ ഇതിനോടകം പിടിച്ചെടുത്തെന്നും ബാക്കിയുള്ളവരുടെ വസ്തുവഹകൾ പിടിച്ചെടുക്കാനുള്ള നടപടികൾ നടന്നു വരികയാണെന്നും ദേവേന്ദ്ര സിംഗ് വ്യക്തമാക്കി. സിറ്റി എസ്പി അഭിഷേക് വർമയുടെ നേതൃത്വത്തിൽ യു.പി പൊലീസിന്റെ കോപ്പറേറ്റിവ് സെല്ലാണ് കേസ് അന്വേഷിക്കുന്നത്.ഫെബ്രുവരി 27, 2001 നാണ് ബാങ്കിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനാനുമതി നൽകുന്നത്. ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി 2017- ൽ ബാങ്കിന്റെ ലൈസെൻസ് റദ്ദാക്കി.












