ശ്രമിക് ട്രെയിനുകളിൽ കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടത് പട്ടിണി മൂലമല്ലെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. ലോക്ക്ഡൗൺ കാലത്ത് പ്രഖ്യാപിച്ച പ്രത്യേക ശ്രമിക് ട്രെയിനുകളിൽ യാത്രക്കിടെ 97 പേർ മരണപ്പെട്ടിരുന്നുവെന്നും എന്നാൽ, ഈ മരണങ്ങളൊന്നും പട്ടിണി മൂലമല്ലെന്നും ഗുരുതര അസുഖങ്ങളുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗം പേരുമെന്നും പാർലിമെന്റിൽ അദ്ദേഹം പറഞ്ഞു. തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയാന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് പിയൂഷ് ഗോയൽ ഇക്കാര്യം വ്യക്തമാക്കിയത്.
മരണപ്പെട്ട 97 പേരിൽ 87 പേരുടെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനയച്ചിരുന്നുവെന്നും ഹൃദയാഘാതം, ഹൃദ്രോഗം, ശ്വാസകോശ സംബദ്ധമായ അസുഖങ്ങൾ, കരൾ സംബന്ധമായ അസുഖങ്ങൾ എന്നിവ മൂലമാണ് കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടതെന്ന് ലഭ്യമായ റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണെന്നും റെയിൽവേമന്ത്രി പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു. പട്ടിണിമൂലമാണ് കുടിയേറ്റ തൊഴിലാളികൾ ശ്രമിക് ട്രെയിനുകളിൽ മരണപ്പെട്ടതെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യാജപ്രചരണം നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇക്കാര്യത്തിൽ മന്ത്രി വ്യക്തമായ വിശദീകരണം നടത്തിയത്
Discussion about this post