ന്യൂഡൽഹി : കോവിഡ് വ്യാപനത്തിനിടയിലും ലോക രാജ്യങ്ങളുമായുള്ള സൗഹൃദം മെച്ചപ്പെടുത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്റ്റംബർ 26ന് ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി ഉച്ചകോടി നടത്തുമെന്നത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് ഉച്ചകോടി സംഘടിപ്പിക്കുന്ന കാര്യം അറിയിച്ചത്.
വീഡിയോ കോൺഫറൻസിങ് വഴിയായിരിക്കും ഇരുനേതാക്കളും ചർച്ച നടത്തുകായെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏതു ഘട്ടത്തിലെത്തി നിൽക്കുന്നുവെന്ന് വിലയിരുത്താൻ ഈ ഉച്ചകോടി സഹായിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിരോധ മേഖലയിലെ സഹകരണം സംബന്ധിച്ച കാര്യങ്ങളായിരിക്കും ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയം. മാത്രമല്ല, ഇന്ത്യയിലെ വികസന പദ്ധതികൾ ശ്രീലങ്കയിൽ നടപ്പാക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും തമ്മിൽ ചർച്ച നടത്തുമെന്നാണ് സൂചനകൾ.
Discussion about this post