ശ്രീനഗർ : ജമ്മുകശ്മീരിലെ ഖാഗ് ബ്ലോക്ക് ഡെവലപ്മെന്റ് കൗൺസിൽ ചെയർമാൻ ഭൂപീന്ദർ സിങ് ഭീകരരുടെ വെടിയേറ്റു മരിച്ചു.ബദ്ഗാം ജില്ലയിൽ, ദിൽബാഷിലുള്ള കുടുംബ വീടിനു പുറത്തു വച്ചാണ് അദ്ദേഹത്തിന് വെടിയേറ്റതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഇന്നലെ രാത്രി ഏഴേ മുക്കാലിനാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദർസിംഗ്, സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
വധഭീഷണിയെത്തുടർന്ന് ഇദ്ദേഹത്തിന്റെ സുരക്ഷക്കായി രണ്ട് പോലീസ് ഉദ്യോഗസ്ഥരെ ഏർപ്പാടാക്കിയിരുന്നു. ശ്രീനഗറിൽ താമസിച്ചിരുന്ന ഭൂപീന്ദർസിംഗ് സുരക്ഷാ ഗാർഡുകളെ പോലീസ് സ്റ്റേഷനിൽ ഇറക്കിയശേഷം കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു.എന്നാൽ, പോലീസിനെ അറിയിക്കാതെയുള്ള യാത്രയായിരുന്നു എന്നും, അതിനാലാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നുമാണ് പൊലീസ് റിപ്പോർട്ടുകൾ. ജമ്മുകാശ്മീരിൽ രാഷ്ട്രീയ പ്രവർത്തകർക്കെതിരെയുള്ള ഭീകരാക്രമണം രൂക്ഷമാകുകയാണ്. ജനങ്ങളെ രാഷ്ട്രീയത്തിലെ സജീവ പങ്കാളിത്തത്തിൽ നിന്ന് അകറ്റി നിർത്താനാണ് തീവ്രവാദികൾ ശ്രമിക്കുന്നത്.
Discussion about this post