ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിർമ്മാതാക്കളായ വെബ്ലി ആൻഡ് സ്കോട്ട് കമ്പനി ഇന്ത്യയിലെത്തുന്നു. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റു യുദ്ധോപകരണങ്ങളും നിർമ്മിക്കുന്നതിനായാണ് വെബ്ലി ആന്റ് സ്കോട്ട് കമ്പനി ഇന്ത്യയുമായി കൈകോർക്കുന്നത്. ഇതിന്റെ ഭാഗമായി കമ്പനി ഒരു നിർമ്മാണ യൂണിറ്റ് ഉത്തർപ്രദേശിലെ ഹാർദോയിയിൽ ആരംഭിക്കും
.
ലക്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിയാൽ മാനുഫാക്ച്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായി സഹകരിച്ചാവും വെബ്ലി ആന്റ് സ്കോട്ട് കമ്പനി ആയുധ നിർമാണം നടത്തുക. വെബ്ലി ആൻഡ് സ്കോർട്ടുമായുള്ള സംരംഭം മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായിരിക്കുമെന്ന് സിയാൽ മാനുഫാക്ച്ചേഴ്സ് അറിയിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 0.32 റിവോൾവറുകളായിരിക്കും കമ്പനി നിർമ്മിക്കുകായെന്ന് കമ്പനി ഉടമ ജോൺ ബ്രൈറ്റ് പറഞ്ഞു. തുടർന്ന്, റൈഫിളുകളുടെയും ഷോട്ട് ഗണ്ണുകളുടെയും ഉൽപ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൈത്തോക്കുകൾക്ക് പേരുകേട്ട ഈ കമ്പനിയുടെ ആയുധ നിർമ്മാണ യൂണിറ്റ് നവംബറിലായിരിക്കും പ്രവർത്തനമാരംഭിക്കുക.നിരവധി രാജ്യങ്ങൾക്ക് രണ്ടാം ലോകമഹായുദ്ധ കാലത്ത് തോക്കുകൾ നിർമിച്ചു നൽകിയെന്ന നിലയിൽ പ്രശസ്തമായ കമ്പനിയാണ് വെബ്ലി ആൻഡ് സ്കോട്ട്.
Discussion about this post