ചെന്നൈ : കേരളത്തിലേക്കു കന്നുകാലികളെ കൊണ്ടുവരുന്നതിനു നിബന്ധനകളേര്‍പ്പെടുത്തി തമിഴ്‌നാട് മൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കി. കന്നുകാലികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വെറ്ററിനറി സര്‍ജന്റെ സര്‍ട്ടിഫിക്കറ്റ് ഡ്രൈവറുടെ കൈവശം വേണം. രോഗമോ അംഗവൈകല്യമോ ഉള്ള കാലികളെ കൊണ്ടുപോകരുത്. കാലികളെ വിറ്റയാളുടെയും വാങ്ങുന്നയാളുടെയും പേരും വിവരങ്ങളും ഡ്രൈവറുടെ കൈവശം വേണം.
ഉത്തരവില്‍ പറയുന്ന മറ്റു നിബന്ധനകള്‍
- ലോറിയില്‍ വലിയ കാലികള്‍ക്കു നില്‍ക്കാന്‍ മൂന്നും ചെറുതിനു രണ്ടും അടി വീതിയില്‍ സ്ഥലം വേണം.
- കാലികള്‍ക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലോറിയില്‍ കരുതണം. കാലികളെ പരിചരിക്കാന്‍ ലോറിയില്‍ രണ്ടു പേരെങ്കിലും വേണം.
- കന്നുകാലികളെയും കൊണ്ടുള്ള രാത്രി യാത്ര പരമാവധി ഒഴിവാക്കണം. കാലികള്‍ക്കു നില്‍ക്കാന്‍ ലോറിയില്‍ വയ്‌ക്കോല്‍ കൊണ്ടുള്ള മെത്തയുണ്ടായിരിക്കണം.
- മുഴുവനായും മൂടിയ വാഹനങ്ങളില്‍ കാലികളെ കൊണ്ടുപോകരുത്. വായുസഞ്ചാരം വാഹനങ്ങളില്‍ ഉറപ്പാക്കണം.
- കന്നുകാലികളെ കുത്തിനിറച്ചു കൊണ്ടുപോയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് കന്നുകാലി വ്യാപാരികള്‍ക്കു വിതരണം ചെയ്തു. കാലികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കും ഇതുസംബന്ധിച്ച് ബോധവല്‍ക്കരണം നടത്തുന്നുണ്ട്.കാലികളെ ദ്രോഹിക്കുന്ന വിധത്തിലാണു കാലികളെ കടത്തുന്നതെന്ന് ആരോപിച്ച് കേരളത്തിലേക്കു വരുന്ന കന്നുകാലി വാഹനങ്ങളെ ചില സംഘടനകള്‍ തടഞ്ഞിരുന്നു. തുടര്‍ന്നു സംഘടനാ നേതാക്കളും വ്യാപാരികളും തമിഴ്‌നാട്, കേരള സര്‍ക്കാര്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ഉത്തരവ് ഇറക്കിയത്.
Discussion about this post