ഡൽഹി: സൗഹൃദം ഇന്ത്യയുടെ മുഖമുദ്രയും നിസ്വാർത്ഥത ഇന്ത്യയുടെ പൈതൃകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മാനവികതയുടെ എതിരാളികൾ എക്കാലവും ഇന്ത്യയുടെ ശത്രുക്കളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ 75ആമത് പൊതു സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യ എക്കാലവും സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമാണ് പ്രാമുഖ്യം നൽകുന്നത്. ഏതൊരു രാജ്യത്തിനോടും ഇന്ത്യ സൗഹൃദമാണ് കാംക്ഷിക്കുന്നത്. അതിനെ മറ്റാരോടുമുള്ള ശത്രുതയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
അയൽരാജ്യങ്ങളുമായി എക്കാലവും ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ഇൻഡോ പസഫിക് മേഖലയിലെ സമാധാനം ഇന്ത്യയുടെ പ്രധാന ലക്ഷ്യമാണ്. സ്വന്തം താത്പര്യങ്ങൾക്കല്ല, മറിച്ച് ലോക സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു എന്നിന്റ കഴിഞ്ഞ എഴുപത്തിയഞ്ച് വർഷത്തെ ചരിത്രം നോക്കിയാൽ ധാരാളം മികച്ച നേട്ടങ്ങൾ നമുക്ക് കാണാൻ സാധിക്കും. എന്നാൽ കാതലായ ആത്മപരിശോധന നടത്തേണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ എട്ടൊൻപത് മാസങ്ങളായി ലോകം കൊവിഡ് മഹാമാരിയോട് പൊരുതുകയാണ്. പോരാട്ടം ഏകോപിപ്പിക്കേണ്ട ഐക്യരാഷ്ട്ര സഭ എന്തു ചെയ്യുകയായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ നിന്നും എത്രകാലം തടഞ്ഞു നിർത്താനാകുമെന്ന് പ്രധാനമന്ത്രി ചോദിച്ചു. ഇന്ത്യ കരുത്തരായപ്പോൾ ആരെയും ആക്രമിച്ചില്ല. ദൗർബല്യത്തിന്റെ നാളുകളിൽ ഇന്ത്യ ആർക്കും ഭാരമായിരുന്നില്ലെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. സ്ത്രീശാകതീകരണം രാജ്യത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, സ്ത്രീ സംരഭകത്വത്തിന്റെയും വനിതാ വികസനത്തിന്റെയും നേട്ടങ്ങൾ അക്കമിട്ടു നിരത്തി.
Discussion about this post