ഇസ്രയേലുമായുള്ള ആയുധ കരാറുകൾ കൂടുതൽ മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യ. ഹൈടെക് ആയുധ സംവിധാനങ്ങൾ വികസിപ്പിക്കാനും നിർമ്മിക്കുവാനുള്ള പുതിയ ആയുധകരാറിലാണ് ഇസ്രയേലുമായി ഇന്ത്യ ഒപ്പു വെയ്ക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഇതിലൂടെ ഇരുരാജ്യങ്ങളുമൊരുമിച്ച് പുതിയ തരം ആയുധങ്ങൾ നിർമിക്കുകയും അവ ആവശ്യമായ സൗഹൃദ രാജ്യങ്ങളിൽ വിതരണം ചെയ്യുകയുമാണ് ഉദ്ദേശം. ഈ കരാർ സംബന്ധിച്ച് ഇന്ത്യ-ഇസ്രായേൽ പ്രതിരോധ സെക്രട്ടറിമാർ തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി.
പുതിയ കരാർ പ്രകാരം സാങ്കേതികവിദ്യ കൈമാറ്റം, ആയുധ നിർമ്മാണ വികസന സഹകരണം, സാങ്കേതികവിദ്യ സുരക്ഷാ, നിർമ്മിത ബുദ്ധി, മൂന്നാം ലോകരാജ്യങ്ങൾക്ക് ഈ സാങ്കേതികവിദ്യകൾ നൽകുക എന്നിവയിലെ സഹകരണത്തിനാണ് തീരുമാനമായിരിക്കുന്നത്. മുമ്പ് കാർഗിൽ യുദ്ധസമയത്ത് അടിയന്തര ആയുധ സഹായവുമായി മുന്നോട്ടു വന്ന ഇസ്രായേലുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെട്ടത് 2014- ൽ മോദി സർക്കാർ അധികാരത്തിലേറിയ ശേഷമാണ്.
ഹെറോൺ, സെർച്ചർ 2, ഹാരോപ് ഡ്രോണുകൾ, ബരാക്ക് ആന്റി മിസൈൽ പ്രതിരോധ സംവിധാനം, സ്പൈഡർ ക്വിക്ക് റിയാക്ഷൻ ആന്റി എയർക്രാഫ്റ്റ് മിസൈൽ സംവിധാനം, ഒന്നര ബില്യൺ ഡോളറിന്റെ ഫാൽക്കൺ അവാക്സ് പ്രതിരോധ സംവിധാനം തുടങ്ങി നിരവധി പ്രതിരോധ ഇടപാടുകൾ നിലവിൽ ഇന്ത്യ ഇസ്രയേലുമായി നടത്തുന്നുണ്ട്. ഇസ്രായേലിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ റാഫേലുമായി സഹകരിച്ച് നിരവധി ആയുധ നിർമ്മാണ പദ്ധതികളും ഇന്ത്യയുടെ പരിഗണനയിലുണ്ട്.
Discussion about this post