കൊച്ചി : യൂട്യൂബർ വിജയ് പി നായരെ നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുൾപ്പെടെ മൂന്നു പേർ ചേർന്ന് കൈയ്യേറ്റം ചെയ്ത സംഭവത്തിൽ സ്ത്രീകളുടെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പിസി ജോർജ് എംഎൽഎ. സ്ത്രീത്വത്തിന് വില കളയുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവർ സ്വീകരിച്ചതെന്ന് മാധ്യമങ്ങളോട് പിസി ജോർജ് പറഞ്ഞു. ഈ പറയുന്നവർ ആംബുലൻസിൽ പെൺകുട്ടിയെ പീഡിപ്പിച്ചപ്പോൾ എവിടെയായിരുന്നുവെന്നും ഇതെല്ലാം പേരുണ്ടാക്കാനുള്ള വേലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ദൃശ്യങ്ങൾ കണ്ടപ്പോൾ ഏറ്റവും ദുഃഖം തോന്നി, ഫെമിനിസത്തിന് ഒരു വിലയില്ലേ?, സ്ത്രീത്വത്തിനു വിലയില്ലേ?, സ്ത്രീത്വത്തിന്റെ വില കളയുന്ന നടപടിയാണ് ഇവർ സ്വീകരിച്ചത്. വിജയ് നായർ എന്ന പൊട്ടൻ പറഞ്ഞത് ഒട്ടും ശരിയല്ല. ഇത്ര മോശം ഭാഷയിൽ ഒരു സ്ത്രീയേയും പറയരുത് എന്നാണ് എന്റെ പക്ഷം. എന്നാൽ, നടപടി ഇതല്ല’- പി.സി ജോർജ് എംഎൽഎ കൂട്ടിച്ചേർത്തു. മാത്രമല്ല, ഇവർ വിജയ് നായർക്ക് രണ്ടടി കൊടുത്ത് ഇറങ്ങി വന്നിരുന്നെങ്കിൽ ഇത്ര പ്രശ്നം ഇല്ലായിരുന്നുവെന്നും ചൊറിയണം കൊണ്ട് മുണ്ടിനടിയിൽ ഇടുക, മഷി ഒഴിക്കുക, കേട്ടാൽ അറയ്ക്കുന്ന തെറി വിളിക്കുക അതിൽ തെറി വിളിക്കുന്ന പെൺകുട്ടി ഒരു സ്ത്രീയാണോയെന്ന് പോലും തോന്നിപ്പോയെന്നും എംഎൽഎ പറഞ്ഞു.
Discussion about this post