90-കളിൽ അമേരിക്കയിലെ ഏത് തെരുവിലും നീലയും മഞ്ഞയും നിറത്തിലുള്ള ഒരു ബോർഡ് കാണാമായിരുന്നു—ബ്ലോക്ക്ബസ്റ്റർ (Blockbuster). സിനിമകൾ സിഡി (DVD) ആയോ കാസറ്റ് ആയോ വാടകയ്ക്ക് കൊടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കമ്പനി. ആയിരക്കണക്കിന് സ്റ്റോറുകൾ, കോടിക്കണക്കിന് ഡോളർ ലാഭം. ആളുകൾക്ക് സിനിമ വേണമെങ്കിൽ ബ്ലോക്ക്ബസ്റ്ററിൽ പോകണം എന്നതായിരുന്നു അന്നത്തെ നിയമം.
അവരുടെ ലാഭത്തിന്റെ വലിയൊരു ഭാഗം വന്നിരുന്നത് ‘ലേറ്റ് ഫീ’ (Late Fee) എന്ന പിഴയിലൂടെയായിരുന്നു. അതായത്, നിങ്ങൾ സിഡി തിരിച്ചു കൊടുക്കാൻ വൈകിയാൽ അവർ വലിയൊരു തുക പിഴ ഈടാക്കും. ഈ പിഴ അടച്ച് മടുത്ത ഒരാളാണ് ഈ കഥയിലെ നായകൻ—റീഡ് ഹാസ്റ്റിംഗ്സ് (Reed Hastings).
വർഷം 1997. റീഡ് ഹാസ്റ്റിംഗ്സ് എന്ന യുവാവ് തന്റെ കൈയിലുള്ള ‘അപ്പോളോ 13’ എന്ന സിനിമയുടെ വീഡിയോ കാസറ്റ് തിരിച്ചുകൊടുക്കാൻ ബ്ലോക്ക്ബസ്റ്ററിന്റെ സ്റ്റോറിലേക്ക് നടന്നു. വെറും ആറാഴ്ച വൈകിയതിന് ബ്ലോക്ക്ബസ്റ്റർ അവനോട് ആവശ്യപ്പെട്ടത് 40 ഡോളർ പിഴയാണ്! ഇന്നത്തെ കാലത്ത് അതൊരു നിസ്സാര തുകയായി തോന്നാം, പക്ഷേ അന്ന് ആ യുവാവിനെ അത് വല്ലാതെ വേദനിപ്പിച്ചു.
ആ ദേഷ്യത്തിലാണ് അദ്ദേഹം ചിന്തിച്ചത്: “വീട്ടിലിരുന്ന് സിനിമകൾ ഓർഡർ ചെയ്യാൻ പറ്റുന്ന, ലേറ്റ് ഫീ ഇല്ലാത്ത ഒരു സംവിധാനം ഉണ്ടാക്കിയാലോ?” അങ്ങനെയാണ് നെറ്റ്ഫ്ലിക്സ് (Netflix) ജനിക്കുന്നത്.
സിനിമകൾ തപാലിലൂടെ അയക്കുക എന്ന ആശയം കേട്ടപ്പോൾ ഹാസ്റ്റിംഗ്സിന്റെ സുഹൃത്തുക്കൾ പോലും ചിരിച്ചു. “ഡിവിഡി പൊട്ടിപ്പോകില്ലേ?”, “ആളുകൾ ഇത് കട്ടുക്കടത്തുമോ?” എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ. തന്റെ ഐഡിയ പ്രവർത്തിക്കുമോ എന്നറിയാൻ ഹാസ്റ്റിംഗ്സ് ചെയ്തത് ഒരു ചെറിയ കാര്യമാണ്. അദ്ദേഹം ഒരു ഡിവിഡി വാങ്ങി ഒരു സാധാരണ കവറിലിട്ട് സ്വന്തം വിലാസത്തിലേക്ക് പോസ്റ്റ് ചെയ്തു. പിറ്റേന്ന് രാവിലെ ആ കവർ തുറന്നു നോക്കിയപ്പോൾ ഡിവിഡിക്ക് ഒരു പോറൽ പോലും ഏറ്റില്ലായിരുന്നു. അതായിരുന്നു നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ വിജയം.
1990-കളുടെ അവസാനത്തിൽ ഐടി മേഖലയിലുണ്ടായ വലിയ തകർച്ച (Dot-com bubble burst) നെറ്റ്ഫ്ലിക്സിനെ തകർത്തു കളഞ്ഞു. കൈയിലുണ്ടായിരുന്ന നിക്ഷേപം മുഴുവൻ തീർന്നു. ഓരോ മാസവും ലക്ഷക്കണക്കിന് ഡോളർ അവർക്ക് നഷ്ടം സംഭവിച്ചു. അന്ന് ലാഭമുണ്ടാക്കാൻ ഒരു വഴിയുമില്ലായിരുന്നു. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും ബുദ്ധിമുട്ടി. ഒടുവിൽ ഹാസ്റ്റിംഗ്സ് തന്റെ ബിസിനസ് പങ്കാളിയുമായി ബ്ലോക്ക്ബസ്റ്ററിന്റെ ആസ്ഥാനത്തെത്തി. അവരോട് അദ്ദേഹം വിനയത്തോടെ അഭ്യർത്ഥിച്ചു: “ഞങ്ങളെ 50 മില്യൺ ഡോളറിന് വാങ്ങൂ. നിങ്ങളുടെ ഓൺലൈൻ പാർട്ണറായി ഞങ്ങൾ മാറാം.”
അന്ന് ലോകം ഭരിക്കുന്ന ബ്ലോക്ക്ബസ്റ്ററിന്റെ സിഇഒ ജോൺ ആന്റിയോകോ തന്റെ കസേരയിലിരുന്ന് പൊട്ടിച്ചിരിച്ചു. “നിങ്ങളെപ്പോലൊരു കൊച്ചു കമ്പനിയെ വാങ്ങാൻ എനിക്ക് ഭ്രാന്തില്ല. ജനങ്ങൾക്ക് സിനിമ തൊട്ടും തലോടിയും വാങ്ങാനാണ് ഇഷ്ടം. ഓൺലൈനിൽ ആരെങ്കിലും സിനിമ കാണുമോ?” എന്ന പരിഹാസത്തിന് മുന്നിൽ തലതാഴ്ത്തി ഹാസ്റ്റിംഗ്സിന് ആ മുറിയിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ആ രാത്രി അദ്ദേഹം ഉറങ്ങിയില്ല. ആ പുച്ഛവും ചിരിയും അദ്ദേഹത്തിന് ഒരു ഇന്ധനമായി മാറി.
അവിടെ നിന്നങ്ങോട്ട് കാര്യങ്ങൾ മാറിമറിഞ്ഞു. ഇന്റർനെറ്റ് വിപ്ലവം വന്നു. ആളുകൾ സിഡിക്ക് പകരം ഇന്റർനെറ്റിലൂടെ സിനിമകൾ കാണാൻ (Streaming) ആഗ്രഹിച്ചു. നെറ്റ്ഫ്ലിക്സ് ആ മാറ്റം വേഗത്തിൽ തിരിച്ചറിഞ്ഞു. അവർ സിഡികൾ വിട്ട് ഓൺലൈൻ സ്ട്രീമിംഗിലേക്ക് മാറി. ഇന്റർനെറ്റിന്റെ വേഗത കൂടിയപ്പോൾ നെറ്റ്ഫ്ലിക്സ് ഓരോ വീടുകളിലേക്കും നുഴഞ്ഞുകയറി. ബ്ലോക്ക്ബസ്റ്റർ അപ്പോഴും തങ്ങളുടെ ആഡംബര സ്റ്റോറുകളിൽ സിഡികൾ തൂത്തുവാരി ഇരിക്കുകയായിരുന്നു.
2010 ആയപ്പോഴേക്കും ചിത്രം മാറി. നെറ്റ്ഫ്ലിക്സ് ശതകോടികളുടെ ലാഭമുണ്ടാക്കി തുടങ്ങിയപ്പോൾ, ബ്ലോക്ക്ബസ്റ്റർ കടക്കെണിയിലായി. ഓരോ ദിവസവും നൂറുകണക്കിന് ബ്ലോക്ക്ബസ്റ്റർ സ്റ്റോറുകൾ അടച്ചുപൂട്ടി. ഒരുകാലത്ത് ആയിരക്കണക്കിന് സ്റ്റോറുകളുണ്ടായിരുന്ന ആ സാമ്രാജ്യം വെറും പത്തുവർഷം കൊണ്ട് നാമാവശേഷമായി.ഇന്ന് ലോകത്ത് ഒരേയൊരു ബ്ലോക്ക്ബസ്റ്റർ സ്റ്റോർ മാത്രമേ ബാക്കിയുള്ളൂ (അതൊരു മ്യൂസിയം പോലെയാണ്).
മറുഭാഗത്ത് നെറ്റ്ഫ്ലിക്സിന്റെ അവസ്ഥയോ? ഇന്ന് നെറ്റ്ഫ്ലിക്സിന്റെ മൂല്യം ഏകദേശം 300 ബില്യൺ ഡോളറിലധികമാണ്! അന്ന് 50 മില്യൺ കൊടുത്ത് വാങ്ങാൻ മടിച്ച ആ കമ്പനി ഇന്ന് ബ്ലോക്ക്ബസ്റ്ററിനെക്കാൾ ആയിരക്കണക്കിന് മടങ്ങ് വളർന്നു കഴിഞ്ഞു.













Discussion about this post