കൊൽക്കത്ത : ദുർഗ ദേവിയായി വേഷം ഇട്ടതിന് നടിയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ നുസ്രത് ജഹാന് മതമൗലികവാദികളുടെ വധഭീഷണി. പശ്ചിമ ബംഗാളിൽ, ദുർഗ പൂജയുടെ തുടക്കം കുറിക്കുന്ന മഹാലയ ആഘോഷങ്ങളുടെ ഭാഗമായാണ് നുസ്രത്ത് ദുർഗ്ഗാദേവിയുടെ വേഷം ധരിച്ച് ചിത്രങ്ങൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ അപ്‌ലോഡ് ചെയ്തത്. എന്നാൽ, ഇതു മൂലം പ്രകോപിതരായ ഒരു കൂട്ടം മതഭ്രാന്തന്മാർ നടിയുടെ ചിത്രത്തിനു നേരെ രൂക്ഷമായ സൈബർ ആക്രമണം നടത്തി.
“നിന്റെ മരണം അടുത്തിരിക്കുന്നു” എന്ന വധഭീഷണി മുഴക്കിയ മതമൗലികവാദികൾ ഇസ്ലാം വിശ്വാസിയായ നടിയുടെ മതവിശ്വാസത്തെ ചോദ്യം ചെയ്തു. ഒരു മുസ്ലിം ആയിട്ടും എന്തുകൊണ്ട് ദുർഗ്ഗാദേവിയുടെ വേഷം ധരിച്ചുവെന്ന രൂക്ഷ വിമർശനങ്ങൾ കൊണ്ട് മിനിട്ടുകൾക്കകം നടിയുടെ കമന്റ് ബോക്സ് നിറഞ്ഞു. ഫോട്ടോ മാത്രമല്ല, ഫോട്ടോഷൂട്ടിന് വീഡിയോയും നടി അപ്‌ലോഡ് ചെയ്തിട്ടുണ്ട്.സ്വന്തം മതവിശ്വാസത്തെ ആക്ഷേപിച്ചുവെന്ന പേരിൽ നടിയെ അധിക്ഷേപിച്ചവരിൽ ഇന്ത്യക്കാർ മാത്രമല്ല ബംഗ്ലാദേശികളും ഉൾപ്പെടുന്നു.
പൊതുവേ അന്യ മതങ്ങളോട് സഹിഷ്ണുത കാണിക്കുന്ന നുസ്രത്ത് ജഹാനും ജൈന മത വിശ്വാസിയായ ഭർത്താവ് നിഖിൽ ജെയ്നും ഇതാദ്യമായല്ല മതമൗലികവാദികളിൽ നിന്നും ഭീഷണി നേരിടുന്നത്. കഴിഞ്ഞ വർഷം മഹാനവമിയ്ക്ക് ഭർത്താവിനോടൊപ്പം പൂജയിൽ പങ്കെടുത്ത നുസ്രത്തിന് നേരെ മതഭ്രാന്തന്മാർ രൂക്ഷമായ സൈബർ ആക്രമണം അഴിച്ചു വിട്ടിരുന്നു.
Discussion about this post