മാലി : കോവിഡ് -19 മഹാമാരിയെ നേരിടാൻ 250 മില്യൺ ഡോളർ സഹായമനുവദിച്ച ഇന്ത്യയ്ക്ക് നന്ദിയറിയിച്ച് മാലി ദ്വീപിന്റെ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്. ഐക്യരാഷ്ട്ര സഭയുടെ 75-ാ൦ വാർഷിക സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യക്കും നന്ദിയറിയിച്ചത്.
ഇന്ത്യ കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മാലിദ്വീപിനു സഹായം വാഗ്ദാനം ചെയ്തുവെന്നും സാമ്പത്തിക-സാങ്കേതിക പിന്തുണ നൽകിയെന്നും അബ്ദുള്ള ഷാഹിദ് പറഞ്ഞു. ഈ മാസം ആദ്യ വാരത്തിലാണ് കോവിഡിനെ നേരിടുന്നതിനായി 250 മില്യൺ ഡോളറിന്റെ സഹായം മാലിദ്വീപിന് ഇന്ത്യ അനുവദിക്കുന്നത്. മാലിദ്വീപിന്റെ തലസ്ഥാനമായ മാലിയിൽ വെച്ച് മാലി ദ്വീപിന്റെ വിദേശകാര്യ മന്ത്രി അബ്ദുള്ള ഷാഹിദ്, ധനകാര്യ മന്ത്രി ഇബ്രാഹിം അമീർ, ഇന്ത്യൻ ഹൈകമ്മീഷ്ണർ സഞ്ജയ് സുധീർ എന്നിവരുടെ സാന്നിധ്യത്തിൽ തുക കൈമാറുകയായിരുന്നു.
കൊറോണയെ നേരിടാൻ ഇന്ത്യ സഹായമനുവദിച്ച ഏക രാജ്യമാണ് മാലിദ്വീപ്. സാമ്പത്തിക സഹായം കൂടാതെ മാലിയിലേക്ക് മരുന്നുകളും ഭക്ഷ്യധാന്യങ്ങളും മെയ് മാസത്തിൽ ഇന്ത്യ കയറ്റി അയച്ചിരുന്നു.
Discussion about this post