ലക്നൗ : എക്കാലത്തും സത്യം മാത്രമേ വിജയിക്കൂവെന്ന് ലാൽ കൃഷ്ണ അദ്വാനി. ബാബറി മസ്ജിദ് തകർത്ത കേസിൽ കുറ്റവിമുക്തനാക്കിയുള്ള കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ജനതാ പാർട്ടിയുടെ വിശ്വാസത്തെയും രാമക്ഷേത്രത്തിനോടുള്ള സമർപ്പണത്തിന്റെയും ഉയർത്തിക്കാട്ടലാണ് കോടതിവിധിയെന്ന് പറഞ്ഞ അദ്വാനി, ജയ് ശ്രീരാം മുഴക്കിയാണ് കോടതിവിധിയെ സ്വാഗതം ചെയ്തത്.
തർക്കമന്ദിരം തകർത്തത് പെട്ടെന്നുണ്ടായ വികാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അല്ലാതെ ആസൂത്രിതമല്ലെന്നുമാണ് കോടതിയുടെ കണ്ടെത്തൽ. ലക്നൗവിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. കേസിൽ എൽ.കെ അദ്വാനിയും മുരളി മനോഹർ ജോഷിയുമുൾപ്പെടെ 32 പ്രതികളെയും വെറുതെ വിട്ടിരുന്നു. 1992 ഡിസംബർ ആറിന് അയോധ്യ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 197 / 1992, ക്രൈം നമ്പർ 198 /1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് കോടതി പ്രസ്താവിച്ചത്. ജഡ്ജി സുരേന്ദ്ര കുമാർ യാദവ് ആണ് വിധി പറഞ്ഞത്. മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനി ഉൾപ്പെടെ 48 പ്രതികളിൽ ജീവിച്ചിരിക്കുന്ന മുപ്പത്തിരണ്ട് പേരോടും ബുധനാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു.
Discussion about this post