ലക്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ അടിയന്തരസഹായം പ്രഖ്യാപിച്ച് യു.പി സർക്കാർ. അധികം വൈകാതെ, കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു.കുറ്റവാളികൾ തീർച്ചയായും കർശനമായി ശിക്ഷിക്കപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
അന്വേഷണത്തിനായി മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിട്ടുണ്ട്. ഹോം സെക്രട്ടറി ഭഗവാൻ സ്വരൂപിന്റെ നിയന്ത്രണത്തിലായിരിക്കും അന്വേഷണസംഘം പ്രവർത്തിക്കുക.ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് യോഗി ആദിത്യനാഥിന്റെ കർശന നിർദേശമുണ്ട്. കേസിന്റെ വിചാരണ, അതിവേഗ കോടതി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
19 വയസുകാരിയായ ദളിത് യുവതിയെ, മേൽ ജാതിക്കാരായ നാലുപേർ ചേർന്ന് ഈ മാസം 14നാണ് കൂട്ടബലാൽസംഗത്തിനിരയാക്കിയത്. അമ്മയ്‌ക്കൊപ്പം പുല്ലുവെട്ടാൻ പോയ പെൺകുട്ടിയെ അക്രമികൾ ബലമായി പിടിച്ചു കൊണ്ടു പോവുകയായിരുന്നു. പിന്നീട് ശരീരമാസകലം മുറിവേറ്റ അവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ നാവ് മുറിച്ചെടുത്ത നിലയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റിയ പെൺകുട്ടി ഇന്നലെ മരണമടഞ്ഞു.ഇതേ തുടർന്ന്, അന്വേഷണത്തിന് പ്രത്യേക താല്പര്യം എടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടിരുന്നു.
Discussion about this post