അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് ഒക്ടോബർ 31 വരെ നീട്ടിയെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്സിങ് പുരി. കെനിയ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് വിമാനസർവീസുകൾ അനുവദിക്കുന്ന പ്രത്യേക ഉഭയകക്ഷി എയർബബിൾ കരാറിൽ രാജ്യം ഏർപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനുമുമ്പ്, അഫ്ഗാനിസ്ഥാൻ, ബഹറിൻ, കാനഡ, ഫ്രാൻസ്, ജർമനി, ജപ്പാൻ, നൈജീരിയ, ഖത്തർ ഉൾപ്പെടെയുള്ള 13 രാജ്യങ്ങളുമായി ഇന്ത്യ ഉഭയകക്ഷി എയർബബിൾ കരാറിൽ ഏർപ്പെട്ടിരുന്നു. ഏതെങ്കിലും രാജ്യമായി ഉഭയകക്ഷി എയർ ബബിൾ കരാറുമായി ധാരണയിലെത്തിയാൽ ഇരുരാജ്യങ്ങളിലെയും വിമാനക്കമ്പനികൾക്ക് ചില നിയന്ത്രണങ്ങളോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്താൻ കഴിയും. ജൂലൈ മുതൽ ഇന്ത്യ പല രാജ്യങ്ങളുമായും എയർബബിൾ കരാറിൽ ഏർപ്പെട്ടിരുന്നു. കെനിയ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായി എയർബബിൾ കരാറിൽ ധാരണയായ കാര്യം വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വിറ്ററിലൂടെ പുറത്തു വിടുകയായിരുന്നു.
Discussion about this post