ഒരു കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയ ആദ്യത്തെ സംസ്ഥാനമായി ഉത്തർപ്രദേശ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.61 ലക്ഷം പരിശോധനകളാണ് സംസ്ഥാനം നടത്തിയത്. ഇതോടെ ഉത്തർപ്രദേശിൽ ഇതുവരെ നടത്തിയ കോവിഡ് പരിശോധനകളുടെയെണ്ണം 1,00,98,896 ആയി ഉയർന്നു. ഉത്തർപ്രദേശിലെ ആരോഗ്യ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി അമിത് പ്രസാദാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 42% പരിശോധനകളും ആർടി -പിസിആർ രീതിയിലൂടെയാണ് നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 4,271 പുതിയ കോവിഡ് കേസുകളാണ്. ഇതോടെ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെയെണ്ണം 3.99 ലക്ഷമായി വർദ്ധിച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 69 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ഇതോടെ യുപിയിൽ ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെയെണ്ണം 5,748 ആയി വർദ്ധിച്ചു. ഉത്തർപ്രദേശിലെ കോവിഡ് സാഹചര്യം നിയന്ത്രണവിധേയമായി വരികയാണെന്ന് യുപിയിലെ കോവിഡ് ബാധിതരെ സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കിയതിനു ശേഷം അമിത് പ്രസാദ് പറഞ്ഞു.
Discussion about this post