കൊല്ലം : സ്വകാര്യ ആശുപത്രി ഉടമയായ യുവ ഡോക്ടറെ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കടപ്പാക്കട ഭദ്രശ്രീയിൽ ഡോ.അനൂപ് കൃഷ്ണയെ(35)യാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങി നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നടന്ന സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. കുളിമുറിയുടെ ഭിത്തിയിൽ രക്തം കൊണ്ട് സോറി എന്ന് എഴുതിയിട്ടുണ്ട്.
അസ്വാഭാവിക മരണത്തിന് കിളികൊല്ലൂർ പോലീസ് കേസെടുത്തു. അനൂപിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിൽ, കാലിലെ വളവ് മാറ്റാൻ ശാസ്ത്രക്രിയയ്‌ക്കെത്തിയ ഏഴുവയസ്സുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. കുട്ടിയെ ഉടനടി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഇതേത്തുടർന്ന്, ആശുപത്രിയുടെ മുൻപിൽ മൃതദേഹവുമായി പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ ഇപ്പോൾ അന്വേഷണം നടക്കുന്നതിനിടെയാണ് ആശുപത്രിയുടമയായ ഡോക്ടറുടെ ആത്മഹത്യ.
ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് ഉയരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നുവെന്നും സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്
Discussion about this post