സർക്കാർ വിരുദ്ധ ചുമരെഴുത്ത് നടത്തിയ ആളെ കണ്ടെത്താനായി മുഴുവൻ ജനങ്ങളുടെയും കയ്യക്ഷരങ്ങൾ പരിശോധിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോഗ്യാങിന്റെ വടക്കു ഭാഗത്തുള്ള അൻസാനിലെ ഒരു ചന്തയിൽ സർക്കാർ വിരുദ്ധ സന്ദേശം പ്രത്യക്ഷപ്പെട്ടത് ഈ മാസം ആദ്യമാണ്. ഈ സന്ദേശമെഴുതിയ ആളെ കണ്ടെത്തുന്നതിനായാണ് ഉദ്യോഗസ്ഥർ അവിടുത്തെ മുഴുവൻ ജനങ്ങളുടെയും കൈയക്ഷരങ്ങൾ പരിശോധിക്കാൻ ആരംഭിച്ചിട്ടുള്ളത്.
‘ജനങ്ങളെ ചൂഷണം ചെയ്ത് തിന്നു കൊഴുക്കുന്ന പാർട്ടി അധികാരികൾ തുലയട്ടെ’ യെന്നാണ് ചന്തയിൽ കുറിച്ചിരുന്നത്. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്സ് പാർട്ടി സ്ഥാപിച്ചതിന്റെ എഴുപത്തിയഞ്ചാം വാർഷികത്തോടടുത്ത് പ്രത്യക്ഷപ്പെട്ട ഈ സന്ദേശം ഉത്തരകൊറിയൻ പ്രസിഡന്റ് കിം ജോങ് ഉന്നിനെ ഉദ്ദേശിച്ചാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ഈ സന്ദേശം കണ്ട് രോഷാകുലനായ കിം അവിടെയുള്ള എല്ലാവരുടെയും കൈയ്യക്ഷരം പരിശോധിക്കാനും സന്ദേശം എഴുതിയത് ആരാണെന്ന് കണ്ടെത്താനും നിർദേശിക്കുകയായിരുന്നു.
മുതിർന്നവരെക്കൊണ്ട് ഇടതു കൈകൊണ്ടും വലത്കൈ കൊണ്ടും വരെ എഴുതിച്ചു നോക്കിയെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളെ പോലും പിടിച്ചിരുത്തി ഉദ്യോഗസ്ഥർ കൈയ്യക്ഷരം പരിശോധിക്കുന്നുണ്ട്.
Discussion about this post