ന്യൂഡൽഹി : ഹത്രാസ് കൊലപാതകക്കേസിന്റെ ആദ്യഘട്ട അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം സസ്‌പെൻഡ് ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എസ്പി വിക്രാന്ത് വീർ, സിഒ റാം ശബ്ദ്, ഇൻസ്‌പെക്ടർ ദിനേശ് കുമാർ വർമ, എസ് ഐ ജഗ്‌വീർ സിങ്, ഹെഡ് കോൺസ്റ്റബിൾ മഹേഷ് പാൽ എന്നിവരെയാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഡ് ചെയ്ത എസ്പി, ഡിഎസ്പി എന്നിവരെ നർകോ – പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ഉത്തരവും യോഗി ആദിത്യനാഥ് പുറപ്പെടുവിച്ചിട്ടുണ്ട്. ഹത്രാസ് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തിയ എസ്പി,ഡിഎസ്പി, ഇൻസ്‌പെക്ടർ ഉൾപ്പെടെയുള്ള ചില ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച വിവരം മുഖ്യമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്.
ഹത്രാസ് കൊലപാതകക്കേസിലെ പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ അറിയിച്ചിരുന്നു. യുപിയിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനത്തിനും അന്തസ്സിനും മുറിവേൽപ്പിക്കുന്ന രീതിയിലുള്ള ചിന്തകൾ വച്ചു പുലർത്തുന്നവരുടെ പോലും നാശം ഉറപ്പായിരിക്കുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. അതിനു പിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള ഈ നടപടി.
Discussion about this post