ഹത്രാസിൽ 19 വയസ്സുള്ള ദളിത് പെൺകുട്ടി കൊല്ലപ്പെട്ട കേസ് ഏറ്റെടുക്കാനൊരുങ്ങി നിർഭയ കേസ് വാദിച്ച അഭിഭാഷക സീമ കുശ്വാഹ. കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ തന്നെ സമീപിച്ചിട്ടുണ്ടെന്ന കാര്യം സീമ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പെൺകുട്ടിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചിട്ടില്ലെന്നും എന്തെല്ലാം പ്രശ്നങ്ങളുണ്ടായാലും പെൺകുട്ടിക്ക് വേണ്ടി കോടതിയിൽ ഹാജരാക്കുമെന്നും സീമ കുശ്വാഹ വ്യക്തമാക്കി.
അതേ സമയം, കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനുമായി കൂടിക്കാഴ്ച നടത്തിയെന്ന് സീമ പറഞ്ഞു. ഡൽഹിയിൽ 2012 ഡിസംബറിൽ പാരാമെഡിക്കൽ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സീമ കുശ്വാഹയാണ് പെൺകുട്ടിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. സംഭവത്തിൽ പ്രതികളായ നാലുപേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും നാല് പേർക്കും വധശിക്ഷ നൽകുകയും ചെയ്തിരുന്നു. കേസിൽ നിന്ന് പിന്മാറാൻ കനത്ത സമ്മർദ്ദവും ഭീഷണികളും ഉണ്ടായിട്ടും നിർഭയ കേസിൽ സീമ കുശ്വാഹ ഉറച്ചു നിന്നത് രാജ്യത്തിന് മുഴുവൻ പ്രചോദനമായിരുന്നു. പലവിധ കാരണങ്ങളാൽ നീങ്ങി നീങ്ങി പോയിട്ടും പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് വരെ സീമയും സംഘവും അടങ്ങിയിരുന്നില്ല.
കൊലപാതകത്തിന്റെ രാഷ്ട്രീയവൽക്കരണവും കലാപസാധ്യതയും തടയാൻ സർക്കാർ പെൺകുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, അധികം വൈകാതെ തന്നെ താൻ കേസ് ഏറ്റെടുക്കുമെന്ന് സീമ അറിയിച്ചു. കേസിന്റെ അടിസ്ഥാന വിവരങ്ങളും പുരോഗമനങ്ങളും പെൺകുട്ടിയുടെ സഹോദരൻ വഴി അറിയുന്നുണ്ടെന്നും സീമ വ്യക്തമാക്കി.
Discussion about this post