ലക്‌നൗ : പരാതിക്കാർക്കും ഉദ്യോഗസ്ഥർക്കുമടക്കം ഹത്രാസ് കേസിലുൾപ്പെട്ട സകലർക്കും നാർകോ പോളിഗ്രാഫ് ടെസ്റ്റ് നടത്താനുള്ള യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് അനുഭാവി കോടതിയിൽ. അലഹബാദ് സ്വദേശിയായ സാകേത് ഗോഖലെയാണ് അലഹബാദ് ഹൈക്കോടതിയിൽ സർക്കാർ തീരുമാനത്തിനെതിരെ ഹർജി നൽകിയിരിക്കുന്നത്.
നിയമപരമായി നടത്തുന്ന നുണപരിശോധനയെ, പരാതിക്കാരെ വിരട്ടാനുള്ള അടവായാണ് സാകേത് ഹർജിയിൽ ചിത്രീകരിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ കുടുംബത്തെ ബലം പ്രയോഗിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്നത് നിയമവിധേയമല്ലെന്നും സാകേത് ആരോപിക്കുന്നു. എന്നാൽ, ബലപ്രയോഗമല്ലെന്നും, പല ആശുപത്രികളിലായി നടത്തിയ പ്രാഥമിക പരിശോധനകളിലും ഫോറൻസിക് പരിശോധനയിലും ബലാൽസംഗം നടന്നതായി യാതൊരു തെളിവും കണ്ടെത്തിയിട്ടില്ല എന്നതിനാലാണ് ഇങ്ങനെയൊരു നടപടിയെന്ന് യോഗി സർക്കാരിന്റെ നിലപാട്. പരാതിയിലാണോ അതോ അന്വേഷണത്തിന്റെ ഘട്ടത്തിലാണോ തിരിമറി നടന്നതെന്ന് വ്യക്തമാക്കാൻ നുണപരിശോധന കൂടിയേ തീരൂ എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം നടത്തിയ ഇൻസ്പെക്ടറെയും, എസ്.പിയെയും, ഡി.എസ്.പിയെയും യോഗി സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് ഈ ഉത്തരവിട്ടത്. പെൺകുട്ടിയുടെ പരാതിയെ രാഷ്ട്രീയവൽക്കരിക്കാൻ പ്രതിപക്ഷ നേതാക്കളും തൽപ്പര കക്ഷികളും ശ്രമിക്കുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
Discussion about this post