സോൾ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും കോവിഡിൽ നിന്നും വേഗത്തിൽ മുക്തി നേടട്ടെയെന്ന് ആശംസിച്ച് ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ. ട്രംപിനു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ രോഗശാന്തി ആശംസിച്ചുകൊണ്ട് കിം സന്ദേശം അയച്ചിരുന്നതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് ( കെസിഎൻഎ) റിപ്പോർട്ട് ചെയ്തത്. അതേസമയം, കോവിഡ് സ്ഥിരീകരിച്ച ഒരു ലോകനേതാവിന് കിം ആദ്യമായാണ് ആശംസകൾ അറിയിക്കുന്നതെന്ന് ദക്ഷിണകൊറിയയുടെ യോൺഹാപ്പ് വാർത്താ ഏജൻസിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ട്രംപ് അധികാരത്തിലേറിയതിന്റെ ആരംഭത്തിൽ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമായതിനെത്തുടർന്ന് 2018 ൽ ട്രംപും കിമ്മും മൂന്നു തവണയോളം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ സമയത്താണ് ഇരുവർക്കുമിടയിലുള്ള വ്യക്തിപരമായ ബന്ധം ഊഷ്മളമായത്. ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവായ ഹോപ് ഹിക്ക്സിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്രംപിനും ഭാര്യ മെലാനിയക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മെരിലാൻഡിലെ വാൾട്ടർ റീഡർ സൈനിക ആശുപത്രിയിലാണ് ട്രംപിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Discussion about this post