ന്യൂഡൽഹി : ഇന്ത്യൻ കരസേനാ മേധാവി എംഎം നരവാനെയും വിദേശ സെക്രട്ടറി ഹർഷ് ശൃംഗലയും അടുത്തയാഴ്ച മ്യാന്മാർ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ. അതിർത്തിയിൽ സംഘർഷം സൃഷ്ടിക്കുന്നത് ചൈന പതിവാക്കിയ സാഹചര്യത്തിലാണ് ഈ സന്ദർശനം.
കോവിഡ് മഹാമാരിയ്ക്ക് ശേഷം കരസേനാ മേധാവിയുടെ ആദ്യ വിദേശ സന്ദർശനമാണിത്. ചൈന നുഴഞ്ഞു കയറ്റങ്ങൾ പതിവാക്കുന്ന സാഹചര്യത്തിൽ, അയൽ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യവുമുണ്ട് ഈ സന്ദർശനത്തിനു പിറകിൽ. പ്രതിരോധ നയതന്ത്രബന്ധങ്ങൾ ഒരുപോലെ ശക്തമാക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. കരസേനാ മേധാവിയായ മനോജ് മുകുന്ദ് നരവാനെ, മുൻപ് മ്യാൻമറിൽ പ്രതിരോധ അറ്റാഷെ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിദേശ സെക്രട്ടറി ഹർഷ് ശൃംഗല, കഴിഞ്ഞ ആഴ്ച ബംഗ്ലാദേശ് സന്ദർശിച്ചിരുന്നു. മ്യാന്മർ വിദേശ സെക്രട്ടറിയുമായി മുൻപ് അദ്ദേഹം വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു . 2016-ൽ, മ്യാൻമറിലെ ബംഗാൾ ഉൾക്കടലിൽ ഇന്ത്യ നിർമ്മിച്ച സിറ്റ്വെ തുറമുഖം, കോവിഡ് കാലഘട്ടത്തിനു ശേഷം അടുത്ത വർഷം ആദ്യത്തോടുകൂടി പ്രവർത്തനമാരംഭിക്കുമെന്നും സെക്രട്ടറി ഹർഷ് ശൃംഗല മ്യാന്മറിന് ഉറപ്പു നൽകി.
Discussion about this post