ബംഗളുരു : കർണാടക കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചിനു സമീപം പാരാഗ്ലൈഡർ കടലിൽ തകർന്നുവീണ് നാവികസേന ക്യാപ്റ്റൻ മരിച്ചു. കാർവാർ നാവികസേനാ താവളത്തിൽ പ്രവർത്തിച്ചുവരികയായിരുന്ന ആന്ധ്ര പ്രദേശ് സ്വദേശി മധുസൂദൻ റെഡ്ഡിയാണ് മരിച്ചത്. പാരാഗ്ലൈഡറിന്റെ മോട്ടോറിലുണ്ടായ തകരാറിനെത്തുടർന്നാണ് അപകടം.
റെഡ്ഡിക്കൊപ്പം പാരാഗ്ലൈഡിങ് പൈലറ്റും നടത്തിപ്പുകാരനുമായ വിദ്യാധർ വൈദ്യയുമുണ്ടായിരുന്നുവെങ്കിലും കടലിൽ വീണ ഇയാളെ സമീപത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തുകയായിരുന്നു. 100 അടിയോളം ഉയരത്തിലെത്തിയപ്പോഴാണ് പാരാഗ്ലൈഡറിന്റെ മോട്ടോർ തകരാറിലായത്. തുടർന്ന് ഇരുവരും കടലിലേക്ക് പതിക്കുകയായിരുന്നു. മധുസൂദൻ റെഡ്ഡിയ്ക്ക് സുരക്ഷാ ജാക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. സുരക്ഷാ ഗാർഡുകളും സമീപവാസികളും ചേർന്ന് ഏറെനേരം പ്രയത്നിച്ചാണ് കടലിൽ കുടുങ്ങിക്കിടന്ന റെഡ്ഡിയെ പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും റെഡ്ഡിയുടെ ജീവൻ രക്ഷിക്കാനായില്ല.
Discussion about this post