ഡൽഹി: അടുത്ത വർഷം ജൂലൈ മാസത്തോടെ രാജ്യത്തെ 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോക്ടർ ഹർഷവർധൻ. ഇതിനായുള്ള നടപടികൾക്ക് തുടക്കമിട്ടതായും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തുന്ന സണ്‍ഡെ സംവാദ് എന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
40 മുതല്‍ 50 കോടിയോളം വാക്‌സിനാണ് ആദ്യ ഘട്ടത്തിൽ സര്‍ക്കാര്‍ വാങ്ങി വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 2021 ജൂലൈയോടെ 20 മുതല്‍ 25 കോടിയോളം ആളുകള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. ഇതിനായി നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയില്‍ ഉന്നതതല സമിതി നടപടികള്‍ക്ക് തുടക്കം കുറിച്ചു കഴിഞ്ഞു. കോവിഡ് ബാധ മാരകമാകാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക് വിഭാഗം ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇതിനായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ പട്ടിക ഒക്ടോബര്‍ അവസാനത്തോടെ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പട്ടിക പ്രകാരമുള്ളവർക്കാകും ആദ്യ ഘട്ടത്തിൽ വാക്സിൻ ലഭ്യമാക്കുകയെന്നും മന്ത്രി വിശദീകരിച്ചു.
കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ സംഭരിക്കുകയും കൂടുതല്‍ അത്യാവശ്യക്കാർക്ക് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പാക്കുകയും ചെയ്യും. ഇന്ത്യയിലെത്തുന്ന വാക്‌സിന്റ ഓരോ ഡോസും കൃത്യമായി അര്‍ഹതപ്പെട്ടവരില്‍ എത്തുന്നുവെന്നും അവ കരിഞ്ചന്തയില്‍ എത്തുന്നില്ലെന്നും ഉറപ്പാക്കാന്‍ കൃത്യമായ നടപടികൾ സ്വീകരിക്കും. വാക്സിൻ മുൻഗണനാ ക്രമത്തിൽ മാത്രം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ മറ്റ് വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.
Discussion about this post