കൊൽക്കത്ത : ദുർഗാ പൂജയുടെ ആഘോഷങ്ങളാരംഭിക്കാൻ ആഴ്ചകൾ നിലനിൽക്കെ, പശ്ചിമ ബംഗാളിലെ ജനങ്ങൾക്കായി ഫൂൽബഗാൻ മെട്രോ സ്റ്റേഷൻ ഉദ്ഘാടനം ചെയ്ത് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ. വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചത്.
കോവിഡ് മഹാമാരിയുടെ ഇടയിലും മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മുൻകയ്യെടുത്ത് പ്രവർത്തിച്ച എല്ലാവർക്കും മെട്രോ ഉദ്ഘാടനം ചെയ്യവേ അദ്ദേഹം നന്ദിയറിച്ചു. ഫൂൽബഗാൻ മെട്രോ സ്റ്റേഷനിൽ നിന്നും സെൽഡിയ റെയിൽവേ സ്റ്റേഷനിലേക്ക് വളരെ കുറച്ചു ദൂരമേയുള്ളു. അതിനാൽ, സാൾട്ട് ലേക്ക് സ്റ്റേഡിയത്തെയും ഫൂൽബഗാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ മെട്രോ, സ്ഥിരം യാത്രക്കാർക്ക് കൂടുതൽ സഹായകമാകും.
ദുർഗാ പൂജയ്ക്കു മുമ്പായി പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് നൽകുന്ന സമ്മാനമെന്ന രീതിയിലാണ് മെട്രോ സ്റ്റേഷൻ റെയിൽവേ മന്ത്രി ഉദ്ഘാടനം ചെയ്തത്. സാൾട്ട് ലേക്കിൽ നിന്നും ഫൂൽബഗാനിലേക്ക് ഇനിമുതൽ 16 മിനിറ്റു കൊണ്ട് എത്താമെന്ന് മെട്രോ ഉദ്ഘാടനം ചെയ്തുകൊണ്ട് പിയൂഷ് ഗോയൽ പറഞ്ഞു.
Discussion about this post