ചെന്നൈ : ഓഫ്‌ഷോർ പട്രോൾ വെസലായ ‘വിഗ്രഹ’ പുറത്തിറക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐജിസി). ചെന്നൈയിലെ കാട്ടുപള്ളിയിലുള്ള പ്രൈവറ്റ് ഷിപ്യാർഡിൽ വെച്ചായിരുന്നു ചടങ്ങുകൾ. ചടങ്ങിൽ ധനകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ഡോ. ടിവി സോമനാഥൻ, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ കെ നടരാജൻ, ഐജിസിയുടെ ഈസ്റ്റ് റീജിയൺ ഇൻസ്പെക്ടർ ജനറൽ പരമേശ് എന്നിവർ പങ്കെടുത്തു.
‘മേക്ക് ഇൻ ഇന്ത്യ’യുടെ ഭാഗമായി തീര സംരക്ഷണ സേനയ്ക്കു വേണ്ടി ലാർസെൻ ആന്റ് ടൗബ്രോ കപ്പൽ നിർമാണ കമ്പനി നിർമിച്ചു നൽകിയ ഏഴാമത്തെ വെസലാണ് വിഗ്രഹ. യാർഡ് -45007 എന്നറിയപ്പെടുന്ന ‘വിഗ്രഹ’യ്ക്ക് 98 മീറ്റർ നീളമാണുള്ളത്. പരീക്ഷണങ്ങൾക്കും വിപുലമായ പരിശോധനകൾക്കും ശേഷം 2021 മാർച്ചിൽ ‘വിഗ്രഹ’ ഔദ്യോഗികമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഭാഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം, വിശാഖപട്ടണത്ത് നിലയുറപ്പിച്ച്, ഐജി എസ്. പരമേശിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഈസ്റ്റ് റീജിയണിലായിരിക്കും ‘വിഗ്രഹ’യുടെ സേവനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ തീരസംരക്ഷണ സേനയാണ് ഇന്ത്യയുടേത്.
Discussion about this post