നടൻ ടൊവിനോ തോമസിന് പരിക്ക്. ‘കള‘ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. സിനിമയിലെ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്.
അപകടത്തെ തുടർന്ന് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് വിവരം.
രണ്ട് ദിവസം മുമ്പ് പിറവത്തെ സെറ്റിൽ വച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. സംഘട്ടനരംഗങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി ചിത്രീകരിച്ചു കൊണ്ടിരുന്നത്. അവിടെ വച്ച് വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയോടെ കടുത്ത വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ‘, ‘ഇബിലീസ്‘ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കള‘.
നിലവിൽ ടൊവിനോ നിരീക്ഷണത്തിലാണെന്നും, ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.









