കൊല്ലം: കൊല്ലത്ത് വാഹന പരിശോധനക്കിടെ വയോധികനെ പൊലീസ് മർദ്ദിച്ചതായി പരാതി. ആയൂർ മഞ്ഞപ്പാറയിലാണ് സംഭവം. മഞ്ഞപ്പാറ സ്വദേശി രാമാനന്ദനെ ആണ് പ്രൊബേഷൻ എസ് ഐ നജീം മുഖത്തടിച്ചത്.
ഇന്ന് രാവിലെയാണ് സംഭവം. പ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്നു ചടയമംഗലം പൊലീസ്. സുഹൃത്ത് പൊടിമോനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു രാമാനന്ദൻ നായര്‍. ഇരുവർക്കും ഹെൽമറ്റോ വാഹനത്തിന് മതിയായ രേഖകളോ ഉണ്ടായിരുന്നില്ല. അഞ്ഞൂറ് രൂപ വീതം പിഴയടക്കാൻ പൊലീസ് ആവശ്യപ്പെട്ടപ്പോൾ കൂലിപ്പണിക്കാരാണെന്നും ഇപ്പോൾ പണമെടുക്കാൻ ഇല്ലെന്നും ഇവർ പറഞ്ഞു.
തുടർന്ന് പ്രൊബേഷൻ എസ് ഐ നജീം ഉൾപ്പെടെയുള്ളവർ ഇരുവരെയും പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. രോഗിയാണെന്ന് രാമാനന്ദൻ നായര്‍ അറിയിച്ചെങ്കിലും പൊലീസ് ചെവിക്കൊണ്ടില്ല. ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ വയോധികന് മുഖത്ത് അടിയേൽക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സഹിതം വാർത്ത വന്നതോടെ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയോട് റൂറൽ എസ്പി ആവശ്യപ്പെട്ടു. എന്നാൽ രാമാനന്ദൻ നായർ മദ്യപിച്ചിരുന്നെന്നും പൊലീസിനെ ആക്രമിക്കൻ ശ്രമിച്ചുവെന്നുമാണ് പൊലീസ് പറയുന്നത്.












