ഇന്ത്യൻ മാധ്യമങ്ങൾ ഏകീകൃത ചൈനാ നയം പിന്തുടരണമെന്നാവശ്യപ്പെട്ട് ചൈനീസ് മിഷൻ അയച്ച കത്തിന് കടുത്ത മറുപടി നൽകി ഇന്ത്യ. ഇന്ത്യ മാധ്യമ സ്വാതന്ത്ര്യം നില നിൽക്കുന്നൊരു രാജ്യമാണെന്നും ഇന്ത്യയിലെ മാധ്യമങ്ങൾ അവർ കാണുന്ന കാര്യങ്ങൾ അതേ രീതിയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്നുമാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലത്തിന്റെ ഔദ്യോഗിക വക്താവായ അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്.
ഒക്ടോബർ 10ന് തായ്‌വാൻ ദേശീയ ദിനം ആഘോഷിക്കാനിരിക്കെ ഡൽഹിയിലുള്ള ചൈനീസ് മിഷൻ ഇന്ത്യൻ മാധ്യമങ്ങൾ ഏകീകൃത ചൈനാ നയം പിന്തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനു കത്തെഴുതുകയായിരുന്നു. തായ്‌വാനെ ഒരു രാജ്യമായി കണക്കാക്കരുതെന്നാണ് പ്രധാനമായും കത്തിൽ സൂചിപ്പിച്ചിട്ടുള്ളത്. കൂടാതെ, ലോകത്ത് ഒരൊറ്റ ചൈനയേ ഉള്ളുവെന്നും ആ ചൈനയെ പ്രതിനിധീകരിക്കുന്നത് ഗവണ്മെന്റ് ഓഫ് ദി പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയാണെന്നും കത്തിൽ വിശദമാക്കുന്നു.
ഇന്ത്യൻ മാധ്യമങ്ങൾ തായ്‌വാനെ ഒരു രാജ്യമായോ റിപ്പബ്ലിക് ഓഫ് ചൈനയായോ കണക്കാക്കി വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്നാണ് ചൈനീസ് മിഷന്റെ ആവശ്യം. ചൈനീസ് മിഷന്റെ ഈ നടപടിക്കെതിരെ തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു പ്രതികരിച്ചത് ‘ഗെറ്റ് ലോസ്റ്റ്’ എന്ന് ട്വീറ്റ് ചെയ്തു കൊണ്ടാണ്.
Discussion about this post