പാറ്റ്‌ന : ആർജെഡി നേതാവ് തേജസ്വി യാദവ് പിന്നിൽനിന്നു കുത്തിയെന്നും തനിക്കു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലേപനൗഷദം വാഗ്ദാനം ചെയ്തതിനാലാണ് വീണ്ടും എൻഡിഎയിലെത്തിയതെന്നും വികാസ്ശീൽ ഇൻസാൻ പാർട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി. “ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റും ഉപമുഖ്യമന്ത്രി പദവിയും നൽകാമെന്നാണ് തേജസ്വി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ, അവസാന നിമിഷം വെറും രണ്ട് സീറ്റ് മാത്രമാണ് നൽകിയത്. അതോടെ മഹാസഖ്യം വിടാൻ തീരുമാനിക്കുകയായിരുന്നു”-മുകേഷ് സാഹ്നി പറഞ്ഞു.
അമിത്ഷായിൽ നിന്നും ആശ്വാസ വാക്കുകൾ ലഭിച്ചതിനാലാണ് എൻഡിഎയിലേക്ക് മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുകേഷ് സാഹ്നിക്ക് 11 സീറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരങ്ങൾ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിടേണ്ടി വന്നിട്ടും, എല്ലാവരും കൈയൊഴിഞ്ഞിട്ടും തങ്ങൾ ആർജെഡിക്കൊപ്പം നിന്നുവെന്നും ഞങ്ങൾ ഒറ്റയ്ക്ക് നിൽക്കുമ്പോൾ എൻഡിഎയുടെ വോട്ട് ഭിന്നിച്ച് ആർജെഡിക്ക് ഗുണമുണ്ടാകുമെന്നാണ് തേജസ്വി ചിന്തിച്ചത്, അത് നടക്കില്ലെന്നും മുകേഷ് സാഹ്നി കൂട്ടിച്ചേർത്തു.












