ഡൽഹി: ഡൽഹിയുടെ കൊവിഡ് പോരാളി ആരിഫ് ഖാന് ആദരാഞ്ജലി അർപ്പിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ ദു:ഖം താങ്ങാനുള്ള ശേഷിയുണ്ടാകട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ആരിഫ് ഖാന്റെ സേവനം ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകമാണെന്നും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നൽകാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുകയാണെന്നും വെങ്കയ്യ നായിഡു അറിയിച്ചു.
കൊവിഡ് ബാധിച്ചു മരിച്ച ഇരുന്നോറോളം പേരുടെ മൃതദേഹങ്ങൾ കൊണ്ടു പോകാൻ സന്നദ്ധത കാണിക്കുകയും അവരുടെ മരണാനന്തര കർമ്മങ്ങൾക്ക് സഹായം നൽകുകയും ചെയ്ത ആംബുലൻസ് ഡ്രൈവർ ആരിഫ് ഖാന്റെ സേവനം നിഷ്കളങ്കവും നിസ്വാർത്ഥവുമാണ്. കൊവിഡ് ബാധയേറ്റ് അദ്ദേഹം മരിച്ചു എന്ന വാർത്ത അത്യന്തം വേദനയോടെയാണ് ശ്രവിച്ചതെന്നും ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു.
മാർച്ച് മാസം മുതൽ കൊവിഡ് പ്രതിരോധത്തിന്റെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും മുൻനിരയിൽ നിന്ന വ്യക്തിയായിരുന്നു ആംബുലൻസ് ഡ്രൈവർ ആയിരുന്ന ആരിഫ് ഖാൻ. കഴിഞ്ഞയാഴ്ച കൊവിഡ് ബാധയെ തുടർന്ന് ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.
സെപ്റ്റംബറിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ക്വാറന്റീനിൽ പോയിരുന്നു.
Discussion about this post