ഉത്തരാഖണ്ഡിലെ ബിജെപി കൗൺസിലർ പ്രകാശ് ധാമിയെ അദേഹത്തിന്റെ കുമാവോണിലുള്ള വീടിനു മുന്നിലിട്ട് വെടിവെച്ചു കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലെ ഉദ്ധംസിംഗ് നഗർ ജില്ലയിലുള്ള രുദ്രാപൂർ മുൻസിപ്പൽ കോർപ്പറേഷന്റെ കൗൺസിലറാണ് കൊല്ലപ്പെട്ട പ്രകാശ് ധാമി. കുറ്റവാളികൾ കാറിലെത്തിയാണ് കൗൺസിലറെ കൊലപ്പെടുത്തിയതെന്നും മുൻവൈരാഗ്യമാണ് കൊലയ്ക്കു പിന്നിലെ കാരണമെന്നും ഉദ്ധംസിംഗ് നഗറിലെ സീനിയർ സൂപ്പീരിയണ്ടന്റ് ഓഫ് പോലീസ് ദൽദീപ് സിംഗ് കുൻവാർ പറഞ്ഞു.
രാവിലെ 8 മണിയോടെയാണ് പ്രതികൾ പ്രകാശ് ധാമിയുടെ വീടിനു സമീപമെത്തിയത്. പ്രകാശ് ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും കുറ്റവാളികൾ പിന്തുടർന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് ദൽദീപ് സിംഗ് കുൻവാർ വ്യക്തമാക്കി. അദ്ദേഹത്തെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2018-ലാണ് പ്രകാശ് ധാമി രുദ്രാപൂർ മുൻസിപ്പൽ കോർപ്പറേഷന്റെ കൗൺസിലറായി വിജയിക്കുന്നത്. പിന്നീട് അദ്ദേഹം ബിജെപിയിൽ ചേരുകയായിരുന്നു. കുറ്റവാളികളെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ദൽദീപ് സിംഗ് കുൻവാർ കൂട്ടിച്ചേർത്തു.
Discussion about this post