തിരുവനന്തപുരം : കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന, പരിചരണം ആവശ്യമുള്ള രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ നിർദേശം നൽകിയതായി സംസ്‌ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ.
കോവിഡ് ബോർഡിന്റെ നിർദ്ദേശാനുസരണം സൂപ്രണ്ടുമാർ പരിചരണം ഉറപ്പാക്കാനുള്ള ക്രമീകരണം നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. രോഗിയുടെ അവസ്ഥയും സഹായത്തിന്റെ ആവശ്യകതയും മനസ്സിലാക്കി ആവശ്യമുള്ള കേസുകളിലായിരിക്കും സൂപ്രണ്ടുമാർ കൂട്ടിരിപ്പുകാരെ അനുവദിക്കുക. ഇക്കാര്യം കോവിഡ് ബോർഡും വിലയിരുത്തും. കൂട്ടിരിക്കുന്നയാൾക്ക് പിപിഇ കിറ്റ് നിർബന്ധമാണ്. രോഗിയുടെ ബന്ധുവിന് കൂട്ടിരിപ്പുകാരനാകാം.
ആരോഗ്യവാനായ വ്യക്തിയായിരിക്കണം കൂട്ടിരിക്കേണ്ടത്. മുമ്പ് കോവിഡ് പോസറ്റീവ് ആയിട്ടുള്ള വ്യക്തിയാണെങ്കിൽ രോഗമുക്തി നേടി ഒരു മാസം കഴിഞ്ഞതിനു ശേഷമേ മറ്റു രോഗികൾക്കു കൂട്ടിരിക്കാൻ അനുവദിക്കുകയുള്ളു. കൂട്ടിരിക്കുന്നയാൾ കർശനമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.












