വാഷിംഗ്ടൺ : തായ്‌വാന് മിസൈലുകളടക്കമുള്ള ആയുധങ്ങൾ നൽകാൻ മുൻകൈയെടുത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് ഇലക്ഷന് മുന്നോടിയായി നടത്തുന്ന ഈ നടപടി ചൈനയെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
തായ്‌വാനെ ഒരു സ്വതന്ത്ര രാഷ്ട്രമായി കണക്കാക്കാൻ ഇന്നോളം ചൈന തയ്യാറായിട്ടില്ല. റിപ്പബ്ലിക് ഓഫ് ചൈനയുടെ ഭാഗമാണ് തായ്‌വാൻ എന്നാണ് ചൈന പറയുന്നത്. എന്നാൽ, ഈ വാദം അംഗീകരിക്കാൻ തായ്‌വാൻ തയ്യാറായിട്ടില്ല. യഥാർത്ഥ ചൈന തങ്ങളാണെന്നാണ് തായ്‌വാൻ അവകാശപ്പെടുന്നത്. ഇടയ്ക്കിടെ ഇരു രാഷ്ട്രങ്ങളും തമ്മിൽ ശക്തമായ സംഘർഷവും പൊട്ടിപ്പുറപ്പെടാറുണ്ട്. ശത്രുവിന്റെ ശത്രുവിന് ആയുധം നൽകി സഹായിക്കുന്ന സ്ഥിരം അമേരിക്കൻ യുദ്ധതന്ത്രമാണ് ഇതിലൂടെ ട്രംപ് ആവർത്തിക്കുന്നത്.
ഏഴോളം മിസൈലുകളും പ്രതിരോധ സംവിധാനങ്ങളുമാണ് യു.എസ് തായ്‌വാന് നൽകുന്നത്.ലോക്ഹീഡ് മാർട്ടിന്റെ ഹിംരാസ് റോക്കറ്റ് ലോഞ്ചറും, സ്ളാം ഇ.ആർ ദീർഘദൂര വ്യോമ-ഭൗമ മിസൈലുകളും സെൻസർ പോഡുകളും ഇതിലുൾപ്പെടുന്നു. ഇവയെല്ലാം തായ്‌വാന് ശക്തമായ പ്രതിരോധം തീർക്കുമെന്ന് തീർച്ചയാണ്. ആയുധ കരാർ ഒപ്പു വെക്കാൻ വൈറ്റ് ഹൗസ് യു.എസ് കോൺഗ്രസിനോട് നിർദേശിച്ചിട്ടുണ്ട്.












