ഡല്‍ഹി : 1993ലെ മുംബൈ സ്ഫോടന പരമ്പരക്കേസില്‍ ഇന്ത്യ തിരയുന്ന ടൈഗര്‍ മേമന്റെ ‘വ്യാജനെ’ പാക്കിസ്ഥാനില്‍ പിടികൂടി. ടൈഗര്‍ മേമന്റെ പേരില്‍ ആളുകളെ ഭീഷണിപ്പെടുത്തിയിരുന്ന ഫര്ഖാന് എന്നയാളാണ് കറാച്ചിയില്‍ പിടിയിലായത്. ഇയാള്‍ക്കെതിരെ പാക്കിസ്ഥാനില്‍ നിരവധി കേസുകളുണ്ട്.
ടൈഗര്‍ മേമന്റെ പേരില്‍ സ്ത്രീകളെയും മറ്റുള്ളവരെയും ഭീഷണിപ്പെടുത്തിയതായി ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തപ്പോള്‍ മുംബൈ സ്ഫോടനക്കേസ് പ്രതിയായ ടൈഗര്‍ മേമനെയാണ് പിടികൂടിയതെന്ന് നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പിന്നീടാണ് യഥാര്‍ഥ ടൈഗര്‍ മേമന് അല്ല പിടിയിലായതെന്ന് വ്യക്തമായത്.
എന്നാല്‍ അപ്പോഴേക്കും ഇന്ത്യന്‍ മാധ്യമങ്ങളെ കളിയാക്കി പാക്ക് മാധ്യമപ്രവര്‍ത്തകര്‍ ട്വിറ്ററില്‍ സജീവമായിരുന്നു. ഇപ്പോള്‍ ട്വിറ്ററിലെ ട്രെന്‍ഡിങ് ആയി മാറിയിരിക്കുകയാണ് ടൈഗര്‍ മേമന്.
അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സുഹൃത്തും 1993 ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയുമാണ് ടൈഗര്‍ മേമന്. മുംബൈ സ്ഫോടനക്കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമന്റെ സഹോദരനുമാണ് ടെഗര്‍ മേമന്. യാക്കൂബ് മേമനെ തൂക്കികൊല്ലുന്നതിന് ഏതാനും മണിക്കൂര്‍ മുന്‍പ് സഹോദരന് ടൈഗര്‍ മേമന് വീട്ടിലേക്ക് വിളിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. യാക്കൂബിന്റെ വധശിക്ഷയ്ക്ക് പകരം ചോദിക്കുമെന്നും ടൈഗര്‍ മേമന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
Discussion about this post