തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി വനിതാ നേതാവിനെ മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ‘ഐറ്റം’ എന്ന് വിളിച്ച് അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് രംഗത്ത്. സ്ത്രീവിരുദ്ധമായ പരാമര്‍ശമാണ് കമല്‍നാഥില്‍ നിന്നുണ്ടായിരിക്കുന്നതെന്നാണ് ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.
‘ഒരു ദരിദ്ര കര്‍ഷകന്റെ മകളാണ് ഇമാര്‍തി ദേവി. അവിടെ നിന്നും ജനസേവനത്തിനായി ജീവിതം മാറ്റിവെച്ചു അവര്‍. ഒരു സ്ത്രീയെ ‘ഐറ്റം’ എന്നോക്കെ വിളിച്ച് ഉള്ളിലെ ഫ്യൂഡല്‍ മനോഭാവം വീണ്ടും തെളിയിക്കുകയാണ് കോണ്‍ഗ്രസ്. ഈ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച 10 മണിമുതല്‍ 1 മണിവരെ നിശബ്ദ പ്രതിഷേധം നടത്തും- ചൗഹാന് പറഞ്ഞു.
ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ചതുകൊണ്ടാണോ ഇത്തരം പരാമര്‍ശങ്ങള്‍ തനിക്കെതിരെ നടത്തുന്നതെന്ന് ഇമാര്‍തി ദേവി ചോദിച്ചു. സ്ത്രീകള്‍ക്കെതിരെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയാല്‍ പിന്നെങ്ങനെ അവര്‍ പൊതുധാരയിലേക്ക് ഇറങ്ങുമെന്നും ദേവി പറഞ്ഞു. എ.എന്‍.ഐയോടായിരുന്നു ദേവിയുടെ പ്രതികരണം.
അതേസമയം വിവാദ പരാമര്‍ശത്തിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായി ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. ദളിത് വിഭാഗത്തെയും സ്ത്രീകളെയും അപമാനിച്ചുവെന്ന് കാട്ടിയാണ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.
മധ്യപ്രദേശില്‍ നവംബര്‍ 3 നാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. നവംബര്‍ 10നാണ് ഫലപ്രഖ്യാപനം.
Discussion about this post