കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ സിപിഎം നേതാവ് പുഷ്പന്റെ സഹോദരൻ പി ശശി ബിജെപിയിൽ ചേർന്ന വിഷയത്തിൽ പ്രതികരണവുമായി മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ ആശാ ലോറൻസ്. പുഷ്പനിലൂടെ സിപിഎമ്മിന് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയെ കിട്ടി എന്ന നേട്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് ആശാ ലോറൻസ് പറഞ്ഞു. ഓടി നടക്കുന്ന വിപ്ലവം പ്രസംഗിക്കുന്ന പല സഖാക്കളും രഹസ്യമായി എങ്കിലും മടുപ്പ് പറഞ്ഞിട്ടുള്ളത്’ തനിക്ക് നേരിട്ടറിയാവുന്ന കാര്യമാണെന്നും ആശ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വർഷങ്ങൾക്ക് മുൻപ് നിരന്തരമായി ഡി വൈ എഫ് ഐ പ്രവർത്തകർ എം വി രാഘവനെ വഴിതടയുന്ന വാർത്തകൾ വായിച്ച് മടുത്തപ്പോൾ ഈ പാർട്ടിക്കാർക്ക് വേറെ ഒരു പണിയുമില്ലേയെന്ന് താൻ ചോദിച്ചിരുന്നു. അന്നത്തെ വഴിതടയൽ കൊണ്ടോ കൂത്തുപറമ്പ് വെടിവെപ്പ് കൊണ്ടോ ആരും ഒന്നും നേടിയില്ല. നേട്ടമുണ്ടായത് സിപിഎമ്മിനാണ്. അവർക്ക് വർഷാവർഷം ആഘോഷിക്കാൻ അഞ്ച് രക്തസാക്ഷികളെയും ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷിയെയും കിട്ടി.
“പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” ? എന്ന ചോദ്യം ആരോടാണ്? കൈ പൊക്കാൻ സാധിച്ചിരുന്നുവെങ്കിൽ പുഷ്പൻ കൈ പൊക്കുമായിരുന്നു. എന്നാൽ അത് വിപ്ലവ മുദ്രവാക്യം വിളിക്കാൻ ആയിരിക്കില്ലെന്നും ആശാ ലോറൻസ് പറയുന്നു.
ഇനിയെങ്കിലും നിർത്തുമോ പാവം ഒരു മനുഷ്യന്റെ ചുറ്റും നിന്ന് “പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ” എന്ന ഗാനമേള? ഇന്ന് പുഷ്പന്റെ കുടുംബം ബിജെപിയിൽ ചേർന്നു. പാട്ട് ഒന്ന് മാറ്റി പിടിക്ക് സഖാക്കളെ. ‘സ്നേഹിക്കയില്ല ഞാൻ നോവും ഒരാത്മാവിനെ സ്നേഹിച്ചിടാത്ത ഒരു തത്വ ശാസ്ത്രത്തെയും”!! എന്ന വയലാറിന്റെ വരികൾ എടുത്ത് ചുവപ്പ് നിറത്തിൽ വെയിറ്റിംഗ് ഷെഡിൽ എഴുതി വയ്ക്കാൻ ആർക്കും പറ്റും. ഇത്തിരി ചുവപ്പ് നിറവും ഒരു ബ്രഷും എഴുതാൻ അക്ഷരങ്ങളും മതിയെന്നും ആശാ ലോറൻസ് പരിഹസിക്കുന്നു.
https://www.facebook.com/asha.lawrence.5688/posts/215203686611953












