ബെയ്ജിങ് : ലോകത്തിലെ ഏറ്റവും വലിയ സൈന്യത്തിന്റെ അംഗബലം കുറയ്ക്കുമെന്ന് ചൈനയുടെ പ്രഖ്യാപനം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ 70ാം വാര്‍ഷികാഘോഷവേളയിലാണ് ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഇക്കാര്യം പ്രഖ്യാപിച്ചത്.
3 ലക്ഷം സൈനികരുടെ എണ്ണം കുറയ്ക്കാനാണ് ചൈനയുടെ തീരുമാനം. ബെയ്ജിങില്‍ നടന്ന വന്‍ സൈനികപരേഡിനുശേഷമാണ് പ്രത്യേക കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെ സി ജിന്‍പിങിന്റെ വെളിപ്പെടുത്തല്‍.
12,000 സൈനികരാണ് ബെയ്ജിങ്ങിലെ പരേഡില്‍ പങ്കെടുത്തത്. ബാലിസ്റ്റിക് മിസൈലുകള്‍, ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, യുദ്ധ വിമാനങ്ങള്‍ തുടങ്ങി ചൈനീസ് സൈന്യം ഇതേ വരെ പുറത്തുകാണിക്കാത്ത ആയുധങ്ങളും 90 മിനുട്ട് ദൈര്‍ഘ്യമുള്ള പരേഡിലുണ്ടായിരുന്നു. ചൈനയുടെ ചരിത്രത്തിലാദ്യമായി 17 രാജ്യങ്ങളില്‍ നിന്നുള്ള 1000 വിദേശസൈനികരും പരേഡില്‍ പങ്കെടുത്തു.
30 രാജ്യങ്ങളുടെ പ്രതിനിധികളാണ് പരേഡ് വീക്ഷിക്കാന്‍ എത്തിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ തുടങ്ങിയവര്‍ പങ്കെടുത്തപ്പോള്‍ അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങള്‍ വിട്ടു നിന്നു.
Discussion about this post