കൊച്ചി : ഗുജറാത്തിൽ സർവീസ് നടത്താനുള്ള സീ പ്ലെയിൻ കൊച്ചി കണ്ടു മടങ്ങി. മാലിദീപിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്രക്കിടെ 19 സീറ്റുകളുള്ള സീ പ്ലെയിൻ ഇന്ധനം നിറയ്ക്കാനാണ് കൊച്ചിക്കായലിൽ ഇറങ്ങിയത്. കൊച്ചിയിലെ വെണ്ടുരുത്തിയിലുള്ള കപ്പൽശാലയിലെത്തി ഇന്ധനം നിറച്ചതിനു ശേഷം വിമാനം ഗുജറാത്തിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
ഗുജറാത്തിലെ നർമ്മദാ ജില്ലയിലുള്ള സബർമതി നദിയിലായിരിക്കും സീ പ്ലെയിൻ സേവനം നടത്തുക. ഒക്ടോബർ 31 ന് രാജ്യത്തെ ആദ്യത്തെ സീ പ്ലെയിൻ സേവനമാരംഭിക്കുമെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ഡവ്യ മാധ്യമങ്ങളോട് പറഞ്ഞു. 12 യാത്രക്കാർക്ക് സഞ്ചരിക്കാൻ കഴിയുന്ന ട്വിൻ ഓട്ടർ 300 വിമാനം വിമാനക്കമ്പനിയായ സ്പേസ്ജെറ്റിൽ നിന്നാണ് ലീസിന് എടുത്തിരിക്കുന്നത്. കൊച്ചിയിലെത്തിയ സീ പ്ലെയിന് ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ. കെ ചാവ്‌ലയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ഈ സന്ദർഭത്തിൽ, 1953 ഫെബ്രുവരി -4 ന് സീലാൻഡ് വിമാനം കൊച്ചിയിലിറങ്ങിയത് അധികൃതർ അനുസ്മരിച്ചു. സ്വീകരണച്ചടങ്ങിൽ സ്പേസ്ജെറ്റ്, സിയാൽ, കൊച്ചി നേവൽസ് അധികാരികളും പങ്കെടുത്തിരുന്നു.











