ന്യൂഡൽഹി: ഇന്ന് നടക്കാൻ പോകുന്ന കൂടിക്കാഴ്ചയിൽ, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ ബി.ഇ.സി.എ കരാർ ഒപ്പ് വയ്ക്കും. ഇരുരാജ്യങ്ങളുടെയും പ്രതിരോധ, വിദേശകാര്യ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. ബി.ഇ.സി.എ (ബേസിക് എക്സ്ചേഞ്ച് & കോ-ഓപ്പറേഷൻ എഗ്രിമെന്റ്) കരാർ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ അടിസ്ഥാനത്തിൽ വ്യക്തമായ ധാരണ രൂപപ്പെടും.
അമേരിക്കയുടെ ചാര, സൈനിക ഉപഗ്രഹങ്ങളിൽ നിന്നുള്ള വാർത്തകൾ യഥാസമയം ഇന്ത്യയ്ക്ക് ലഭിക്കും. പ്രതിരോധമന്ത്രാലയം വഴിയുള്ള ഈ കൈമാറ്റങ്ങളിലൂടെ ശത്രുക്കളുടെ നീക്കങ്ങൾ അറിയാനും കൃത്യസമയത്ത് തന്ത്രങ്ങൾ മെനയാനും ഇന്ത്യൻ സൈന്യത്തെ വളരെയധികം സഹായിക്കും. തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക്.ടി.എസ്പർ എന്നിവരും തമ്മിൽ ഇരുരാജ്യങ്ങളും നേരിടുന്ന പ്രതിരോധ മേഖലയിലെ വെല്ലുവിളികളെ കുറിച്ച് ചർച്ച ചെയ്തിരുന്നു.
ലഡാക്ക് മേഖലയിലെ അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയും ചൈനയും ആയി നടക്കുന്ന സംഘർഷവും ഈ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ദക്ഷിണ ചൈനാ കടലിലെ ബേസിക് മേഖലയിലും ചൈനയ്ക്ക് വർധിച്ചു വരുന്ന താൽപര്യങ്ങളുണ്ട്. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ താല്പര്യങ്ങൾക്ക് വൻ തിരിച്ചടിയാവും ഈ നീക്കം എന്നത് തീർച്ചയാണ്.
Discussion about this post