ന്യൂഡൽഹി: ഇന്ത്യയ്ക്ക് അമേരിക്കയുടെ പരിപൂർണ പിന്തുണയുണ്ടെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഗാൽവൻ വാലിയിലുണ്ടായ ചൈനയുടെ ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തെ സംബന്ധിച്ച് ദ്വിതല ഉന്നത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിനു വേണ്ടി ബലിയർപ്പിച്ച സൈനികരോടുള്ള ആദരസൂചകമായി ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ചുവെന്നും ഇന്ത്യയുടെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാവുന്ന ചൈനയുടെ നീക്കങ്ങൾക്കെതിരെ അമേരിക്കയൊപ്പമുണ്ടാവുമെന്നും ‘ടു പ്ലസ് ടു ‘ മന്ത്രിതല ചർച്ചയിൽ മൈക്ക് പോംപിയോ പറഞ്ഞു. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തിവരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല, ചൈന സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാണെന്നും ഇന്ത്യയും യു.എസും ചൈനയെ ഒരുമിച്ചു നേരിടണമെന്നും നേരത്തെ മൈക്ക് പോംപിയോ പറഞ്ഞിരുന്നു.
ഡൽഹിയിൽ വെച്ച് നടക്കുന്ന ദ്വിതല ഉന്നത യോഗത്തിൽ പങ്കെടുക്കുന്നതിനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പെറും ഇന്നലെയാണ് ഇന്ത്യയിലെത്തിയത്.
Discussion about this post