ഡൽഹി: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി തുടക്കം മാത്രമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയും അദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ സ്വർണക്കടത്ത് കേസിൽ നിർണായകമായ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമാണെന്ന് ബി.ജെ.പി. കരുതുന്നില്ലെന്ന് വി മുരളീധരൻ പറഞ്ഞു. കേരള സർക്കാരിന്റെയും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും കേസിന്റെ തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുളള ശ്രമങ്ങളെയും ചെറുത്തു തോൽപിച്ചു കൊണ്ട് അന്വേഷണ ഏജൻസികൾ ഈ അന്വേഷണത്തെ നിർണായകമായ ഒരു ഘട്ടത്തിലെത്തിച്ചിരിക്കുകയാണ്.
ഈ സംഭവത്തിൽ നേരിട്ട് പങ്കാളികളായിട്ടുളളവരിൽ നിന്ന് ഇതുമായി ബന്ധപ്പെട്ട കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നതെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വ്യക്തമാക്കി. കൂടുതൽ നാണക്കേടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് പാർട്ടിക്കും സർക്കാരിനും കേരളത്തിനും നല്ലതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post