ദാർഭംഗ: രാമക്ഷേത്ര നിർമ്മാണത്തിന്റെ തീയതി ചോദിച്ച് ബിജെപിയെ പരിഹസിച്ചവർ ഇന്ന് രാമനാമം ഉരുവിടാൻ മത്സരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിനെ കൊള്ളയടിച്ച് സംസ്ഥാനത്ത് ‘ജംഗിൾ രാജ്‘ നടപ്പിലാക്കിയ കൂട്ടരെ വീണ്ടും വീണ്ടും തോൽപ്പിക്കുന്നതിൽ ബിഹാറി ജനത ഹരം കൊള്ളണമെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം രാമക്ഷേത്ര നിർമ്മാണം ആരഭിച്ചിരിക്കുകയാണ്. ഇത് ബിജെപിയുടെയും എൻഡിഎയുടെയും മുഖമുദ്രയാണ്. വാക്ക് പാലിക്കുക എന്നത് ധർമ്മമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാറിൽ ക്രിമിനൽ കേസുകൾ വർദ്ധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പാവങ്ങൾക്കുള്ള ധനസഹായത്തിന്റെ പേരിൽ അവർ അഴിമതി നടത്തി. എന്നാൽ ബിഹാറിനെ സ്വയം പര്യാപ്തമാക്കുക എന്ന തീരുമാനം എൻഡിഎ കൈക്കൊണ്ടു. അതിന് ജനങ്ങൾ ആവർത്തിച്ച് അംഗീകാരം നൽകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ ഉജ്ജ്വല യോജന പ്രകാരം ബിഹാറിലെ 90 ലക്ഷം സ്ത്രീകൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ ലഭിച്ചു. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് നൂറ്റിമുപ്പത് കോടി ജനങ്ങൾക്കും ഭക്ഷണം ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചു. ജലജീവൻ മിഷന്റെ സ്വാധീനത്താൽ ദാർഭംഗയിലെയും മധുബനിയിലെയും പതിനൊന്ന് ലക്ഷം വീടുകളിൽ കുടിവെള്ളമെത്തിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ഭവനങ്ങളിലും പൈപ്പ് ലൈൻ വഴി കുടിവെള്ളമെത്തുന്ന ആദ്യ സംസ്ഥാനമാകാൻ ഒരുങ്ങുകയാണ് ബിഹാർ. മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളിൽ നിന്ന് ബിഹാറിനെ മുക്തമാക്കാൻ സർക്കാർ കഠിന പരിശ്രമത്തിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ടൂറിസം വികസനം, രാമായണ സർക്യൂട്ട്, സംവരണം ദീർഘിപ്പിക്കൽ, കൊവിഡ് പ്രതിരോധം തുടങ്ങി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ എണ്ണിയെണ്ണി പറഞ്ഞാണ് പ്രധാനമന്ത്രി പ്രചാരണം നയിക്കുന്നത്. ബിഹാറിലെ 16 ജില്ലകളിലെ 71 മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബർ മൂന്നിനും മൂന്നാം ഘട്ടം നവംബർ ഏഴിനുമാണ്. നവംബർ പത്തിനാണ് വോട്ടെണ്ണൽ.
Discussion about this post