ബംഗലൂരു: മയക്കുമരുന്ന് ഇടപാടിൽ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര പരാമർശങ്ങളുമായി എൻഫോഴ്സ്മെന്റ് റിപ്പോർട്ട്. മയക്കുമരുന്ന് കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബിനാമിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ബെംഗളൂരുവില്‍ താന്‍ നടത്തിയിരുന്ന റെസ്‌റ്റോറന്റ് ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാട് ആയിരുന്നുവെന്ന് അനൂപ് മുഹമ്മദ് എൻഫോഴ്സ്മെന്റിനോട് പറഞ്ഞു. അനൂപിന്റെ ബോസ് ആണ് ബിനീഷ്. ബിനീഷ് പറയുന്നതെന്തും അനൂപ് ചെയ്യുമെന്നും ബിനീഷിന്റെ ബിനാമി ഇടപാടുകളാണ് അനൂപ് ചെയ്തിരുന്നതെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു.
ബിനീഷ് കോടിയേരിയും അനൂപ് മുഹമ്മദും തമ്മിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ട്. ഇക്കാര്യം നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയോടും ഇഡിയോടും മുഹമ്മദ് അനൂപ് സമ്മതിച്ചു. മൂന്നരക്കോടിയോളം രൂപ ബിനീഷ് അനൂപ് മുഹമ്മദിന് കൈമാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ബാങ്ക് രേഖകളുടെ സഹായത്തോടെ ചോദിക്കുമ്പോൾ ബിനീഷ് സഹകരിക്കുന്നില്ലെന്നും കൂടുതൽ വിവരങ്ങൾ പുറത്ത് വരാനുള്ളതു കൊണ്ടാണ് ബിനീഷിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതെന്നും ബെംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഇ.ഡി. സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.











