സൈനിക പരിശീലനം നേടാനാരംഭിച്ച് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിൻയാനിന്റെ ഭാര്യ അന്ന ഹാകോബ്യാൻ. അർമേനിയയും അസർബെയ്ജാനും തമ്മിൽ നഗോർനൊ -കരാബാക്കിനു വേണ്ടിയുള്ള യുദ്ധം തുടരുന്നതിനിടെയാണ് അർമേനിയൻ പ്രധാനമന്ത്രിയുടെ ഭാര്യ സൈനിക പരിശീലനം നേടാനാരംഭിച്ചിരിക്കുന്നത്.
പരിശീലനത്തിന് മറ്റ് 13 വനിതകളും അന്ന ഹാകോബ്യാനൊപ്പമുണ്ട്. അതിർത്തി സംരക്ഷിക്കുന്നതിനായി അർമേനിയ സൈന്യത്തെ സഹായിക്കുകയാണ് പെൺപടയുടെ ലക്ഷ്യം. താൻ മറ്റു 13 വനിതകളോടൊപ്പം ഇന്ന് സൈനിക പരിശീലനം ആരംഭിച്ചിരിക്കുകയാണെന്ന് അന്ന ഹാകോബ്യാൻ ട്വിറ്ററിൽ കുറിച്ചു. പരിശീലനം നേടുന്നതിന്റെ ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. സൈനിക പരിശീലനം പുരോഗമിക്കുമ്പോൾ, മറ്റു സൈനികരെ പോലെത്തന്നെ മിലിട്ടറി ക്യാമ്പുകളിലാണ് 42 കാരിയായ അന്ന ഹാകോബ്യാൻ താമസിക്കുന്നത്.
നേരത്തെ, ശത്രുവിനു മുമ്പിൽ തലകുനിക്കാൻ ഞങ്ങൾ തയ്യാറല്ലെന്ന പ്രസ്താവനയുമായി അന്ന ഹാകോബ്യാൻ രംഗത്തു വന്നിരുന്നു. അതേസമയം, അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിൻയാനിന്റെ ഇരുപത് വയസ്സുള്ള മകനും രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.












