പാരീസ് : നീസിലുണ്ടായ കത്തിയാക്രമണത്തിനു പിന്നാലെ ഫ്രാൻസിൽ വീണ്ടും ആക്രമണം. കഴിഞ്ഞ രാത്രിയിൽ ലിയോൺ നഗരത്തിലെ ഗ്രീക്ക് ഓർത്തഡോക്സ് വൈദികനു നേരെ അക്രമി വെടിയുതിർത്തു. 52 കാരനായ നിക്കോളോസ് കകാവേലാക്കിക്കു നേരെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റ പുരോഹിതനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയിൽ ലിയോണിലെ പള്ളിയടച്ച് മടങ്ങുന്ന വഴിയാണ് പുരോഹിതനു നേരെ ആക്രമണമുണ്ടായത്. ഗ്രീക്ക് പുരോഹിതന് അടിവയറ്റിലാണ് വെടിയേറ്റിരിക്കുന്നതെന്ന് പോലീസ് മാധ്യമങ്ങളോട് പറഞ്ഞു. കുറ്റവാളിയെ പിടികൂടുന്നതിനായി പള്ളിക്കുചുറ്റുമുള്ള വാസസ്ഥലങ്ങൾ പോലീസ് വളയുകയും ലിയോൺ നഗരം അടച്ചിടുകയും ചെയ്തിരുന്നു. ദീർഘ നേരത്തെ തിരച്ചിലിനുശേഷം അക്രമിയെ പോലീസ് പിടികൂടിയെന്നാണ് ഇപ്പോൾ ലഭ്യമാവുന്ന വിവരങ്ങൾ. കുറ്റവാളിയുടെ പേരുവിവരങ്ങൾ പോലീസ് ഉദ്യോഗസ്ഥർ പുറത്തു വിട്ടിട്ടില്ല.
ആദ്യം ഓടി രക്ഷപ്പെട്ടെങ്കിലും പിന്നീട് അക്രമിയെ പിടികൂടിയെന്ന് ലിയോണിന്റെ പബ്ലിക്ക് പ്രോസിക്ക്യൂട്ടർ അറിയിച്ചു. അക്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രണ്ടു ദിവസം മുമ്പാണ് നീസിലുള്ള നോത്ര ധാം പള്ളിയിൽ കത്തിയാക്രമണമുണ്ടായത്. പുരോഹിതനു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇസ്ലാം മതമൗലിക വാദികളാണോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്.
Discussion about this post